തിരുവനന്തപുരം: ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിക്കും. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിലെ സാഹചര്യം വിശദീകരിച്ചാണ് സർക്കുലർ. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് സർക്കുലറിൽ പറയുന്നത്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. തുറമുഖ നിർമ്മാണം സ്ഥിരമായി നിറുത്തിവയ്ക്കണം എന്നാവശ്യപ്പെടുന്നില്ല, നിർമ്മാണം നിറുത്തിവച്ചുള്ള പഠനാണ് ആവശ്യപ്പെടുന്നതെന്നും സർക്കുലറിലുണ്ട്.
അതേസമയം സമരം ഒത്തുതീർക്കാനുള്ള സമവായ ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി മലങ്കര ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ ചർച്ച നടത്തി. നേരത്തെ ലത്തീൻ സഭാ നേതാക്കൾ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. കർദ്ദിനാൾ ക്ലീമിസ് മുൻ കൈയെടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ സഭയും തമ്മിലുള്ള ചർച്ച നടത്തിയത്. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിസ്മാരക നിധിയും ഒത്തുതീർപ്പ് ചർച്ചകൾക്ക് രംഗത്തുണ്ട്. ഇതിനായി ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ. ജസ്റ്റിസ് ഹരിഹരൻ നായർ, ടി.പി. ശ്രീനിവാസൻ. ജോർജ് ഓണക്കൂർ എന്നിവരുൾപ്പെട്ട കോർ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്