പാറത്തോട് :ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതെത്തിയിരിക്കുകയാണ് എന്ന് മന്ത്രി വി.എന്‍. വാസവന്. പാറത്തോട് പഞ്ചായത്തിലെ നവീകരിച്ച ഇടക്കുന്നം ജനകീയാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പാറത്തോട് മെയിന്‍ സെന്റര്‍ ജനകീയാരോഗ്യകേന്ദ്ര കെട്ടിട നിര്‍മ്മാണത്തിനും മന്ത്രി ശിലാസ്ഥാപനം നടത്തി.സ്വകാര്യ മേഖലയിലെ വമ്പന്‍ സ്രാവുകള്‍ ആരോഗ്യരംഗത്തെ വിഴുങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനകീയ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലൂടെയാണ് കേരളം ആരോഗ്യരംഗത്ത് മുന്നേറിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ജില്ലാ ആശുപത്രികളും ജനറല്‍ ആശുപത്രികളും താലൂക്കാശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഉള്‍പ്പെടെ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു.പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റ്റണി എം.പി., അഡ്വ. പി. ഷാനവാസ്, അജിതാ രതീഷ്, പി.ആര്. അനുപമ, സോഫി ജോസഫ്, ടി.ജെ. മോഹനന്, കെ. രാജേഷ്, അഡ്വ. സാജന് കുന്നത്ത്, കെ.എ. സിയാദ്, വിജയമ്മ വിജയലാല്‍, ഡയസ് കോക്കാട്ട്, പി.കെ. ബാലന്, മാര്ട്ടിന് തോമസ്, വി.എം. ഉണ്ണികൃഷ്ണന്, സിന്ധു മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.