കോട്ടയം: കറുകച്ചാലിൽ ഗുണ്ടാസംഘത്തലവനെ വെട്ടിക്കൊലപ്പെടുത്തി കാൽവെട്ടിയെടുത്ത് നഗരത്തിലൂടെ നടന്ന സംഭവത്തിലെ പ്രതിയ്ക്ക് ജയിലിനുള്ളിൽ സുഖവാസം. ജയിലിനുള്ളിൽ നിന്നും സുഹൃത്തിനെ ഫോൺ ചെയ്ത് കഞ്ചാവും, മറ്റ് ലഹരി മരുന്നുകളും ഓർഡർ ചെയ്യുന്ന ശബ്ദ സന്ദേശം ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു. ജയിലിനുള്ളിൽ നിന്നും ഫോൺ ചെയ്ത ശേഷം കോടതിയിൽ എത്തുമ്പോൾ കഞ്ചാവും ലഹരി മരുന്നുകളും എത്തിച്ചു നൽകുന്നതിനുള്ള നിർദേശമാണ് പ്രതി ജയിലിൽ നിന്നും നൽകുന്നത്. കറുകച്ചാലിൽ ഗുണ്ടാ സംഘത്തലവൻ മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ മനേഷി (32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കടയിനിക്കാട് വില്ലൻപാറയിൽ പുതുപ്പറമ്പിൽ ജയേഷാണ് (32) ജയിലിനുള്ളിൽ നിന്നും ഫോൺ ചെയ്ത് കഞ്ചാവിനും ലഹരി മരുന്നിനും ഓർഡർ ചെയ്യുന്നത്.
ദിവസങ്ങൾക്കു മുൻപു നടന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതിന്. ജയിലിനുള്ളിൽ നിന്നും ഇയാൾ സുഹൃത്തിനെ ഫോൺ ചെയ്ത ശേഷം തനിക്ക് എത്തിക്കേണ്ട ലഹരി മരുന്നുകളുടെ പട്ടിക നൽകുന്നതാണ് ഫോൺ സന്ദേശത്തിലുള്ളത്. താൻ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കൊലക്കേസ് വിചാരണയ്ക്കായി കോട്ടയത്ത് എത്തുന്നുണ്ടെന്നും, കോടതി വളപ്പിൽ വച്ച് കഞ്ചാവും ലഹരി മരുന്നുകളും കൈമാറണമെന്നാണ് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി കഞ്ചാവും ലഹരി മരുന്നും കൈമാറേണ്ട ഇടനിലക്കാരന്റെ പേരും വ്യക്തമായി പറയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ഒക്ടോബറിലാണ് മനേഷിനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ കടയിനിക്കാട് വില്ലൻപാറയിൽ പുതുപ്പറമ്പിൽ ജയേഷ് (32), കുമരകം കവണാറ്റിൻകര സച്ചു ചന്ദ്രൻ (23) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇവരെ കൂടാതെ നാലു പ്രതികളെക്കൂടി കേസുമായി ബന്ധപ്പെട്ട് റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ഇപ്പോൾ പ്രതി കഞ്ചാവും ലഹരി മരുന്നും വാങ്ങാൻ പണം നൽകിയതായി വ്യക്തമായ ഓഡിയോ സന്ദേശം വന്നിരിക്കുന്നത്. ക്രിമിനൽക്കേസ് പ്രതികളെയും കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുമ്പോഴാണ് ജയിലിനുള്ളിൽ കിടന്ന് പ്രതികൾ ഫോൺ ഉപയോഗിക്കുന്നതും കഞ്ചാവിനടക്കം ഓർഡർ ചെയ്യുന്നതും.