കുറവിലങ്ങാട് : പാരമ്പര്യവും പ്രാചീനവുമായ തിരുവാതിര കളിക്കൊപ്പം പിന്നൽ തിരുവാതിരയും കോൽക്കളിയും സമു ന്യയിപ്പിച്ച് വേദിയിൽ അവതരിപ്പിച്ച് വിസ്മയം തീർത്തിരിക്കുകയാണ് ഇലയ്ക്കാട് ശ്രീ ദുർഗ്ഗ തിരുവാതിര കളി സംഘം . കാക്കിനിക്കാട് ക്ഷേത്ര ഉൽസവത്തിന്റെ ഭാഗമായി നടന്ന തീരുവാതിര കളിയിൽ ആണ് കോൽക്കളിയും പിന്നലും സമുന്യയിപ്പിച്ച് അരങ്ങിൽ എത്തിയത്.
കളിവട്ടത്തിന് മുകളിലായി വട്ടത്തിലുള്ള പലകയില്‍ ഘടിപ്പിച്ച നീളമുള്ള എട്ട് വർണ ചരടുകളാണ് പിന്നൽ തിരുവാതിരയെ വര്‍ണാഭമാക്കുന്നത്. ഓരോ ചരടും കൈയ്യിലേന്തിയാണ് കളിക്കാരുടെ ചുവടുകൾ. പാട്ടുപാടി ചുവടുകള്‍ വെക്കുമ്പോള്‍ ചരടുകള്‍ പിന്നിയ മുടി കണക്കെ ഇഴ ചേരുന്ന കാഴ്ച കൗതുകം നിറഞ്ഞതാണ്. പരസ്പരം പുഞ്ചിരി കൈമാറി പത്തു മിനിട്ടിലധികം ദൈര്‍ഘ്യമുള്ള പിന്നല് തിരുവാതിരയുടെ ആദ്യ പകുതിയിൽ ചരടുകള്‍ പിന്നുകയും രണ്ടാംപകുതിയില്‍ കെട്ടഴിക്കുകയും ചെയ്യുന്ന കളിയിൽ ഏകാഗ്രതയാണ് കളിക്കാരുടെ തുറുപ്പ് ചീട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രത്യേക താളത്തിലുള്ള ഭക്തിഗാനങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. അനുഷ്ഠാനങ്ങളോടെയുള്ള തിരുവാതിരക്കളിക്ക് ശേഷമാണ് ‘പിന്നല് തിരുവാതിര’ അവതരിപ്പിക്കാറുള്ളത്. താളബോധവും ലാസ്യഭംഗിയും നിറയുന്ന തിരുവാതിരക്കളിയില്‍ ചരടുകള്‍ പിന്നിയഴിയുമ്പോൾ കാണികള്‍ക്ക് അത് കാഴ്ചയുടെ വിസ്മയമായിത്തീരുന്നു. ശ്രീകൃഷ്ണ ലീലകളെ രസകരമായി പകർന്നാടി പ്രേക്ഷകരുമായി സംവദിക്കാൻ കഴിയുന്നതാണ് ഈ വിനോദ കലാരൂപത്തിന്റെ നൂതനാനുഭവമായിരുന്നു പിന്നൽ തിരുവാതിര.
കേരളത്തില്‍ വിവിധ സമുദായങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള നാടന്‍ വിനോദമാണ് കോല്‍ക്കളി. കോലടിക്കളി, കമ്പടിക്കളി, കോല്‍ക്കളി എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു എന്നാൽ തിരുവാതിര കളിയിൽ കോൽക്കളിയുടെ പരീക്ഷണം വേറിട്ടതാണ്. തിരുവാതിര പാട്ടിനൊപ്പംതാളത്തില് കോലുകള്‍ കൊണ്ട് പരസ്പരം അവര്‍ കൊട്ടി ചുവട് വച്ചത് കണ്ടുനിന്നവര്‍ക്ക് ആവേശക്കാഴ്ചയായിരുന്നു.