പത്തനംതിട്ട : നാലാം വർഷവും ലീവ് സറണ്ടർ നിഷേധിച്ചതിലും, 2023 ഏപ്രിൽ മുതൽ നാല് തുല്യ ഗഡുക്കളായി ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് മരവിപ്പിച്ച് തുക അനുവദിക്കുന്നത് അനിശ്ചിതമായി നീട്ടിയതിലും , കുടിശികയായ 15% ഡി എ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വഞ്ചനാദിനാചരണവും , പ്രതിഷേധ പ്രകടനവും നടത്തി. കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച് സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കളക്ടേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുളസീരാധ, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ,ബി പ്രശാന്ത് കുമാർ , ഭാരവാഹികളായ ജി ജയകുമാർ , ഡി ഗീത, വിനോദ് മിത്രപുരം, നൗഫൽ ഖാൻ , ഷാജി എസ്, പിക്കു വി സൈമൺ, ദിലീപ് ഖാൻ ,ഷാജൻ, രാഗേഷ്, റോണി പീറ്റർ , ഇന്ദു എം ദാസ് , മഞ്ജു എന്നിവർ പ്രസംഗിച്ചു.