എടത്വ പെരുന്നാൾ: ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ഇന്ന് നാലിന്

ആലപ്പുഴ : ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്ക് വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റും നടക്കും. കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് ഇന്നത്തെ പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും.
എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള ചെറിയ പ്രദക്ഷിണം ഇന്നലെ നടന്നു. കൊടിയേറ്റു മുതല്‍ പള്ളിയില്‍ വ്രതനിഷ്ഠയോടെ താമസിച്ചൊരുങ്ങിയ തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ് പ്രദക്ഷിണത്തിന് രൂപങ്ങളും കുരിശുകളും മുത്തുക്കുടകളും വഹിച്ചത്.

Advertisements

പ്രധാന തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 4.45 മുതല്‍ തമിഴിലും മലയാളത്തിലും വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. 4.45 ന് തമിഴ് കുര്‍ബാനയ്ക്ക് ഫാ. ജോസും രാവിലെ ആറിന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. മാത്യു കൊറ്റത്തിലും, 7.30 ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലും കാർമികത്വം വഹിച്ചു. ഒന്‍പതിനുള്ള തമിഴ് കുര്‍ബാനയ്ക്ക് ഫാ. സൈമണും 10.30 ന് തമിഴ് സീറോ മലബാര്‍ തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനും 12 ന് വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കലും 1.30 ന് തമിഴ് കുര്‍ബാനയ്ക്ക് ഫാ. ജോസും മൂന്നിന് ആഘോഷമായ തമിഴ് കുര്‍ബാനയ്ക്ക് കോട്ടാര്‍ രൂപത ബിഷപ്പ് എമരിറ്റസ് മാര്‍ പീറ്റര്‍ റെമിജിയൂസും കാര്‍മ്മികത്വം വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം നാലിനാണ് തിരുനാള്‍ പ്രദക്ഷിണം. ഫാ. ജോണ്‍സി മോളിപടവില്‍ കാര്‍മികത്വം വഹിക്കും.
തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ തിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മേയ് മൂന്നിന് വിശുദ്ധരൂപം ദൈവാലയകവാടത്തില്‍ പ്രതിഷ്ഠിച്ചതോടെ തിരുനാളിന് തിരക്ക് തുടങ്ങിയിരുന്നു. നാളെ മുതല്‍ 14-ന് എട്ടാമിടം വരെ നാട്ടുകാരുടെ തിരുനാളാണ്. നാനാജാതി മതസ്ഥര്‍ കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്ന വിപണന മേളകൂടിയാണ് എടത്വാപള്ളി തിരുനാള്‍. പള്ളിപരിസരങ്ങളും സെന്റ് അലോഷ്യസ് കോളേജ്, സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍ ചുറ്റുമുള്ള വീടുകളും പരിസരപ്രദേശങ്ങളും തീര്‍ത്ഥാടകരെകൊണ്ടു നിറഞ്ഞിട്ടുണ്ട്.

പള്ളില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സഹായത്തിനുമായി 500 പോലീസുകാരേയും ആയിരത്തോളം വാളന്റിയേഴ്സിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, പാറശ്ശാല, കൊല്ലം, നെയ്യാറ്റിന്‍കര, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നിവടങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.റ്റി.സിയുടെ സ്പെഷ്യല്‍ സര്‍വീസുകളും, കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജലഗതാഗത വകുപ്പിന്റെ താല്കാലിക ബോട്ട്സര്‍വ്വീസുകളും നടത്തുന്നുണ്ട്.

Hot Topics

Related Articles