സർക്കാർ വാർഷികാഘോഷം : എൻജിഒ അസോസിയേഷൻ വിട്ട് നിൽക്കും 

കോട്ടയം : സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുമായി സഹകരിക്കേണ്ടന്ന് കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം  ജില്ലാ കമ്മറ്റി തീരുമാനിച്ചു. കഴിഞ്ഞ രണ്ടര വർഷത്തെ 5 ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കാതെയും 4 സാമ്പത്തിക വർഷമായി ലീവ് സറണ്ടർ തടഞ്ഞ് വച്ചും 2019 ലെ ശബള പരിഷ്ക്കരണ കുടിശിക നൽകുവാനുള്ള ഉത്തരവ് റദ്ദ് ചെയ്തും ജീവനക്കാരോട് കടുത്ത വഞ്ചനയാണ് സർക്കാർ കാണിക്കുന്നത്. ഇതിലുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുവാൻ സംഘടന തീരുമാനിച്ചത്. ഓഫീസ് സമയത്ത് ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കണമെന്ന നിർദ്ദേശം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാരിൻ്റെ വാർഷിക ദിനമായ മെയ് 20ന് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ താക്കീത് എന്ന പേരിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ച് സർക്കാരിനെതിരെയുള്ള നിരന്തര സമരത്തിന് തുടക്കം കുറിക്കും .

Advertisements

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം പാലിക്കാതെയും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കാതെയും കരാർ പിൻവാതിൽ നിയമനങ്ങൾ നടപ്പിലാക്കി സ്ഥിരം തൊഴിൽ മേഖലയിൽ നിന്ന് പിന്നോക്കം പോകുന്ന നിലപാടാണ് സർക്കാരിനുള്ളത് . അതിരൂക്ഷമായ വിലക്കയറ്റവും നികുതി ഭാരവും സെസ്സും അതിജീവിക്കുവാൻ നിലവിലുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കുമ്പോൾ ധൂർത്തും  അഴിമതിയും നിയന്ത്രിക്കുവാനുള്ള ഒരു ശ്രമവും ഇല്ലെന്നും ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ മാത്യു , ബോബിൻ വി.പി., ജില്ലാ സെക്രട്ടറി സോജോ തോമസ് , ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ , സംസ്ഥാന കമ്മറ്റി അംഗം പി.എച്ച്. ഹാരിസ് മോൻ , കണ്ണൻ ആൻഡ്രൂസ് , സെലസ്റ്റിൻ സേവ്യർ, കെ.സി.ആർ തമ്പി, ജെ.ജോബിൻസൺ , ജോഷി മാത്യു , അജേഷ് പി.വി. എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles