പുലിവാല് പിടിച്ച് ഗതാഗത വകുപ്പ് ; വട്ടം ചുറ്റിച്ച് എ ഐ ക്യാമറകൾ ; നാല് ദിവസം പിന്നിട്ടിട്ടും അപാകതകള്‍ പരിഹരിക്കാൻ മോട്ടോര്‍ വാഹനവകുപ്പിനായില്ല ; നോട്ടീസുകള്‍ അയക്കാൻ കഴിഞ്ഞത് 3000 പേർക്ക് മാത്രം

തിരുവനന്തപുരം : റോഡ് ക്യാമറ പ്രവർത്തനം ആരംഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകള്‍ പരിഹരിക്കാനാകാതെ മോട്ടോര്‍ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങള്‍ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേര്‍ക്ക് മാത്രമാണ് നോട്ടീസുകള്‍ അയച്ചത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

Advertisements

കൊട്ടിഘോഷിച്ചാണ് ക്യാമറകള്‍ വെച്ചതെങ്കിലും സാങ്കേതികപ്രശ്നങ്ങള്‍ തുടരുകയാണെന്നതാണ് സ‍ര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങളിലും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്. ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകള്‍ മാത്രമേ വ്യക്തമായി ക്യാമറയില്‍ പതിയുന്നുള്ളൂ. പഴയ രീതിയിലെ നമ്പര്‍ പ്ളേറ്റുകളില്‍ ഒരു സ്ക്രൂവോ മറ്റോ ഉണ്ടെങ്കില്‍ അത് പൂജ്യമായി ക്യാമറ വിലയിരുത്തും. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും പ്രശ്നമാണ്. സൈറ്റില്‍ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റില്ലാത്ത കുറ്റകൃത്യങ്ങള്‍ക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു. അത് കൊണ്ട് കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിലും തടസ്സമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ ഉച്ചയോടെയാണ് ചെറിയ രീതിയില്ലെങ്കിലും പ്രശ്നം പരിഹരിച്ചത്. അതിനനുസരിച്ചാണ് 3000 ചെലാനുകള്‍ അയച്ചത്. ഒരു ദിവസം പരമാവധി ഇരുപത്തി അയ്യായിരം വരെ നോട്ടീസുകള്‍ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. ക്യാമറ കണ്ടെത്തിയ കുറ്റത്തില്‍ അപാകതയുണ്ടെന്ന് സംശയമുള്ള കേസുകള്‍ ഒഴിവാക്കുകയാണ്. ചെലാൻ അയച്ച്‌ കുടുങ്ങിപ്പോകുമെന്ന പേടിയാണ് കാരണം. പരിവാഹനിലെ പ്രശ്നങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും പരിഹരിക്കുമെന്നാണ് എൻഐസി പറയുന്നത്.

അതേ സമയം ദിവസവും ക്യമറയില്‍ പതിയുന്ന നിയമലംഘനങ്ങളുടെ കണക്കും കൃത്യമായി കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല. നോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ എല്ലാ സ്ഥലങ്ങളിലും ബോര്‍ഡ് സ്ഥാപിച്ച ശേഷമേ ഇതിനുള്ള പിഴയും ഈടാക്കി തുടങ്ങിയാല്‍ മതിയെന്നാണ് ഗതാഗത കമ്മീഷണറേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശം. അപകാതകള്‍ പരിഹരിച്ച ശേഷം കെല്‍ട്രോണുമായി അന്തിമ കരാര്‍ വച്ചാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles