തിരുവനന്തപുരം: കക്ഷി രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദവും ഹൃദയപൂർവ്വമായ പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും അംഗീകാരം പിടിച്ചുപറ്റിയ രാഷ്ട്രീയ നേതൃത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയ നേതൃത്വമായി ഉയർന്നുവന്ന കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായാലും പ്രതിപക്ഷ നേതാവായാലും മന്ത്രിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലുമെല്ലാം ജനങ്ങളോടൊപ്പം അണിചേർന്ന് പ്രവർത്തിച്ച ജനകീയനായ ഏറ്റവും പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഒരു കാലഘട്ടം മുഴുവൻ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്നു. സ്ഥിരോത്സാഹിയായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരേ മണ്ഡലത്തിൽ തന്നെ സ്ഥിരമായി ജനപ്രതിനിധിയാകുക. അവരുടെ സ്നേഹം നേടിയെടുക്കുക. ഏത് സങ്കീർണതയുടെ മുന്നിലും പതറാതെ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകുക. കോൺഗ്രസ് നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ വലിയ നഷ്ടമാണെന്നും ഗോവിന്ദൻ മാസ്റ്റർ റിപ്പോർട്ടറിനോട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ സ്മരണ, ഇന്നത്തെ ദു:ഖകരമായ സാഹചര്യം, ഉമ്മൻ ചാണ്ടിയുടെ കുടുംബം, ഉമ്മൻ ചാണ്ടിക്കൊപ്പം പ്രവർത്തിച്ച നേതാക്കൾ പ്രവർത്തകർ, കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദു:ഖത്തോടൊപ്പം പങ്കുചേർന്ന് അനുശോചനം അറിയിക്കുന്നതായി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തോടൊപ്പം നിന്ന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.