നവംബര്‍ ഒന്നിന് പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണശുചിത്വ പ്രഖ്യാപനം സാധ്യമാകണം : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം സാധ്യമാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

വലിയതോതില്‍ വ്യാവസായിക മാലിന്യങ്ങള്‍ ഒന്നും ഇല്ലാത്ത ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സമ്പൂര്‍ണ ശുചിത്വം വേഗത്തില്‍ കൈവരിക്കാന്‍ സാധിക്കും. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളാണ് ജില്ലയില്‍ നടന്നു വരുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി മനസിലാക്കുന്നതിന് ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീകരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയില്‍ 27 തദ്ദേശസ്ഥാപനങ്ങളില്‍ ഹരിത കര്‍മ സേനയ്ക്ക് ലഭിക്കുന്ന യൂസര്‍ ഫീ 30 ശതമാനത്തില്‍ താഴെയാണ്. ഇത് പരിഹരിച്ച് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
സമ്പൂര്‍ണ ശുചിത്വവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍, ജില്ലാ, ബ്ലോക്ക് തല അവലോകനങ്ങള്‍ നടത്തിവരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പഞ്ചായത്ത്, നഗരസഭ തലത്തില്‍ അവലോകനം നടത്തി താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം.

തദ്ദേശസ്ഥ വകുപ്പ്, ശുചിത്വ മിഷന്‍, നവ കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്ത കേരളവുമായി ബന്ധപ്പെട്ട് ഓരോ തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കുന്ന മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്ത് പ്രദര്‍ശിപ്പിക്കുമെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും രേഖകളില്ലാതെ മാലിന്യം കടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ എസ്. ജോസ്ന മോള്‍, തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, നവകേരളം പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആതിര, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles