കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. പ്രതിക്ക് മലയാളം അറിയില്ല എന്ന് പറഞ്ഞതിനാൽ ഭോജ്പുരി ഭാഷയിലാണ് ചോദ്യം ചെയ്യുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. രാത്രിയിൽ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകില്ല എന്നാണ് പൊലീസിൻറെ തീരുമാനം. സുരക്ഷ കണക്കിലെടുത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനായി 30 അംഗ സംഘത്തെ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുറ്റബോധം ഇല്ലാത്തവണ്ണമാണ് പ്രതി പെരുമാറുന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറയുന്നത്. രണ്ട് ഡിവൈഎസ്പി മാരുടെ സാന്നിധ്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസ്ഫാക്കിന്റെ കയ്യിലുള്ളത് ആധാർ കാർഡിന്റെ കളർ ഫോട്ടോകോപ്പി മാത്രമാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ അന്വേഷിച്ചപ്പോഴാണ് പ്രതിക്കെതിരെ ഉത്തർപ്രദേശിലെ ഗാസിപൂരിൽ പോക്സോ കേസ് ഉണ്ടെന്ന് വ്യക്തമായത്. കസ്റ്റഡി കാലത്തുതന്നെ ബിഹാറിൽ നിന്നുൾപ്പെടെ പ്രതിയുടെ പഴയകാല വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും.
അതേസമയം കൊല്ലപ്പെട്ട കുഞ്ഞിൻറെ മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ നടന്നു. അൻവർ സാദത്ത് എംഎൽഎയും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. കുടുംബത്തെ സുരക്ഷിതമായ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റുമെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.