പത്തനംതിട്ട :
രാജ്യം ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന നശാ മുക്ത്ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നിര്‍വഹിച്ചു. പദ്ധതി മുഖേന ജില്ലയില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിക്കായി സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ പങ്കാളിത്തം പദ്ധതിയില്‍ അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ലഹരിയുടെ പ്രലോഭനങ്ങളില്‍ വീണുപോകരുതെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ്, ഇലന്തൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ എന്‍എസ്എസ് വോളന്റിയേഴ്സ് ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാ ബീഗം, ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം. ശിവദാസ, ജില്ലാ സാമൂഹ്യനീതി ഉദ്യോഗസ്ഥരായ റ്റി. സുദീപ് കുമാര്‍, എസ്. യു. ചിത്ര, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.