കോട്ടയം: നഗരസഭയ്ക്കു മുന്നിലെ രാജധാനി ഹോട്ടൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീം ഇടിഞ്ഞു വീണ് ലോട്ടറിക്കട ജീവനക്കാരൻ മരിക്കാനിടയായ സംഭവത്തിൽ പരാതിയുമായി പൊതുപ്രവർത്തകർ. ബലക്ഷയമെന്നു കണ്ടെത്തിയ നഗരസഭ ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രാജധാനി ഹോട്ടൽ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എസ്.എച്ച് മൗണ്ട് അമാനി മൻസിലിൽ എസ്.അൻസാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടരയോടെ കോട്ടയം നഗരസഭ ഓഫിസിന് എതിർവശത്തെ രാജധാനി ഹോട്ടൽ കെട്ടിടം ഇടിഞ്ഞു വീണ് ലോട്ടറിക്കടയിലെ ജീവനക്കാരനായ യുവാവ് മരിച്ചിരുന്നു. ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്.
സംഭവത്തിൽ രാവിലെ തന്നെ കോട്ടയം നഗരസഭ സെക്രട്ടറിയ്ക്കു പരാതി നൽകിയിരിക്കുകയാണ് പൊതുപ്രവർത്തകനായ അൻസാരി. കെട്ടിടം ഇടിഞ്ഞ് വീണത് ബലക്ഷയം മൂലമാണ് എന്ന് ആരോപിക്കുന്ന അൻസാരി ഈ കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെടുന്നു. വിഷയത്തിൽ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അൻസാരിയുടെ പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പ്രതി ആരാണ് എന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്ന് കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ പ്രശാന്ത് കുമാർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.