തിരുവനന്തപുരം: കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടിൽ സർക്കാർ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർ വിപിനെ (50) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിപിന്റെ മൃതദേഹം തോട്ടിൽ നാട്ടുകാർ കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞത്.
തോടിന് വശത്ത് റോഡിൽ ഇദ്ദേഹത്തിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും പൊലീസ് കണ്ടെടുത്തു. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയെന്നാണ് കരുതുന്നത്. മുട്ടട സ്വദേശിയാണ് വിപിൻ. വിപിന്റെ ഭാര്യയും ഡോക്ടറാണ്. വിഷാദ സംബന്ധമായ പ്രശ്നങ്ങൾ വിപിന് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. കാറിൽ ശാസ്ത്രീയ പരിശോധനയടക്കം നടത്തും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റി.