തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് അനുവദിച്ചു. റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതോടെ നികുതി നിരക്കിൽ അടക്കം മാത്യു കുഴൽനാടന് ഇളവ് ലഭിക്കും. അതേ സമയം ഹോം സ്റ്റേയെ റിസോർട്ടെന്ന് പഞ്ചായത്ത് രേഖകളിൽ രേഖപ്പെടുത്തിയത് ക്ലറിക്കൽ പിഴവെന്ന് പഞ്ചായത്ത് വ്യക്തമാക്കി. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആഞ്ഞടിച്ച മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മാർച്ച് 31 ന് ഹോം സ്റ്റേ ലൈസൻസ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും ഇത് പുതുക്കി നൽകിയത്.