പത്തനംതിട്ട : നിയമന കോഴയുമായി
ബന്ധപ്പെട്ട് പണം തട്ടിയത് ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണെന്ന് അറസ്റ്റിലായ മുഖ്യപ്രതി അഖിൽ സജീവ്. സംഭവത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അഖിൽ സജീവ് പറഞ്ഞു. എന്നാൽ ഈ മൊഴി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
അഖിൽ സജീവിനെ പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയിൽ നിന്നാണ് പിടികൂടിയത്. പത്തനംതിട്ട സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസിൽ തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോൻമെന്റ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലപ്പുറം സ്വദേശി ഹരിദാസാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് മരുമകൾ ഡോ.നിതരാജ് അപേക്ഷിച്ചതിന് പിന്നാലെ അഖിൽ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നുവെന്നും അഞ്ച് ലക്ഷം നൽകിയാൽ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. 25000 രൂപ അഡ്വാൻസായി അഖിൽ സജീവിന് മാർച്ച് 24ന് ഗൂഗിൾ പേ ചെയ്തു.
പിന്നീട് ഒരുലക്ഷം തിരുവനന്തപുരത്തെത്തി അഖിൽ സജീവ് അയച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖിൽ മാത്യുവെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി. എന്നാൽ അഖിൽ മാത്യുവല്ല, അഖിൽ മാത്യുവെന്ന പേരിൽ അഖിൽ സജീവയച്ച മറ്റൊരാൾക്കാകും പണം കൈമാറിയതെന്നാണ് നിലവിൽ പൊലീസ് പറയുന്നത്. പിടിയിലായ അഖിൽ സജീവനെ ചോദ്യം ചെയ്ത ശേഷം ഇക്കാര്യത്തിലും വ്യക്തത ലഭിക്കും.
പണം കൊടുത്തതിന് പിന്നാലെ നിത രാജിന് ആയുഷ് വകുപ്പിൽ നിന്നും ഇ മെയിൽ വന്നു. 25 നകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു മെയിൽ. ഇതിന് പിന്നാലെ അഖിൽ സജീവന് അൻപതിനായിരം രൂപ കൂടി നൽകി. നിയമനം കിട്ടാത്തതിനെ തുടർന്ന് ഹരിദാസൻ ഈ മാസം 13 ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.