ടെൽ അവീവ്: ഇസ്രായേലിൽ നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയത് സംഗീത നിശയിൽ പങ്കെടുത്തവരെ. ഗാസക്ക് സമീപത്തെ കിബുട്സിൽ സംഘടിപ്പിച്ച സംഗീത-നൃത്ത പരിപാടിക്കെത്തിയവരെയാണ് ഹമാസ് തീവ്രവാദികൾ കൊന്നുതള്ളിയത്. മിസൈലാക്രമണത്തിലൂടെയും വെടിവെച്ചുമായിരുന്നു കൊല. അതിനിടെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും.
കൊല്ലപ്പെട്ടവരിലേറെയും യുവതികളും യുവാക്കളുമാണ്. ഇവിടെനിന്ന് 260ലധികം മൃതദേഹങ്ങൾ ലഭിച്ചു. ഇവിടെ നിന്ന് നൂറിലേറെപ്പേരെ തടവിലാക്കുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവെച്ച് വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇസ്രായേൽ-പലസ്തീൻ സംഘർഷം അതിരൂക്ഷമായി ഇപ്പോഴും തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം.
ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല.