കുറവിലങ്ങാട്: ദേവമാതാ കോളേജ് കുറവിലങ്ങാട് -ജീവനി സെന്റർ ഫോർ സ്റ്റുഡൻസ് വെൽ ബീയിംഗ്, ലവ് യു സിന്ദഗി എന്ന പേരിൽലോക മാനസികാരോഗ്യദിനം സമുചിതമായി ആചരിച്ചു. “മാനസികാരോഗ്യം സാർവത്രിക അവകാശമാണ്” എന്ന ദർശനം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ കോളെജിന് വ്യത്യസ്തമായ അനുഭവമായി . കുറവിലങ്ങാട് സെൻറ് വിൻസൻ്റ് ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോക്ടർ സിസ്റ്റർ ഡോണ എസ് .സി. വി. മുഖ്യാതിഥിയായിരുന്നു. യുവജനങ്ങളുടെ മാനസികാരോഗ്യത്തിൽ പുലർത്തേണ്ട കാലികജാഗ്രതകൾ എന്ന വിഷയത്തിൽ ഡോക്ടർ പ്രഭാഷണം നടത്തി. ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചപോസ്റ്റർ ഡിസൈനിങ് കോമ്പറ്റീഷനിൽ വിജയികളായവർക്ക് പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. മാനസികാരോഗ്യത്തിൻ്റെ ഭിന്നതലങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ടാലൻറ് സെർച്ച് ആൻറ് നർചർ ക്ലബിലെ വിദ്യാർത്ഥികൾ സംഗീതനാടകവും നൃത്തശില്പവും ഉൾപ്പടെ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമാക്കൽ ,നിഷ കെ.തോമസ്, ജോസ് മാത്യു , ജീവനി കൗൺസിലർ- സ്നേഹ ടി. എ., സുഷമ കെ. ജോസ്, അഞ്ചു ബി. എന്നിവർ നേതൃത്വം നൽകി.