നടന്നത് വെറുതെ : ജോഡോ യാത്രയും ഫലം കണ്ടില്ല : ഇന്ത്യ മുന്നണി യോഗം ചൊവ്വാഴ്ച 

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ ആശങ്കയല്ലാതെ മറ്റൊന്നും ബാക്കിയില്ല കോണ്‍ഗ്രസിനും ‘ഇന്ത്യ’ മുന്നണിക്കും. അനുകൂല സാഹചര്യമുണ്ടായിരുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കടപുഴകിയത് സിസഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ കോണ്‍ഗ്രസിന് കഴിയുന്നുള്ളൂ. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ‘ഇന്ത്യ’ മുന്നണിയുടെ യോഗം വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ വരുന്ന ചൊവ്വാഴ്ച ചേരുന്ന യോഗം മൂന്ന് മാസത്തിന് ശേഷമുള്ള ആദ്യത്തേത് കൂടിയാണ്. നിര്‍ണായകമായ സെമിഫൈനല്‍ പോരാട്ടത്തില്‍ പോലും ഒരു കൂടിയാലോചന മുന്നണിക്കുള്ളില്‍ നടന്നില്ലെങ്കില്‍ തോല്‍വിയുടെ കാരണം അന്വേഷിച്ച്‌ മറ്റൊരിടത്തും പോകേണ്ടതില്ല. ഒരുമയും കെട്ടുറപ്പുമുള്ള പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് ജയത്തിനുള്ള അടിസ്ഥാന ഫോര്‍മുലയെന്ന് കര്‍ണാടകയിലെ വിജയത്തിലൂടെ കോണ്‍ഗ്രസിന് നന്നായി അറിവുള്ളതാണ്. എന്നിട്ടും ഒരിടത്തും അത്തരമൊരു നീക്കം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലെന്ന് വിശേഷിപ്പിക്കുന്ന തിരഞ്ഞെടുപ്പില്‍ പോലും ഒത്തൊരുമയോടെ തീരുമാനമെടുക്കാന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചിട്ടില്ല.

Advertisements

കര്‍ണാടകയിലെ മിന്നും ജയത്തിനൊപ്പം ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആത്മവിശ്വാസത്തോടെ കച്ചകെട്ടാനുള്ള അവസരവും കോണ്‍ഗ്രസ് ഇല്ലാതാക്കി. പ്രതിപക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിനെതിരെ മറ്റ് പാര്‍ട്ടികള്‍ക്ക് വലിയ അതൃപ്തിയുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വരികയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷികളിലെ നേതാക്കള്‍ കോണ്‍ഗ്രസിന് കീഴില്‍ അണിനിരക്കുന്നത് പുനപരിശോധിക്കാനാണ് സാദ്ധ്യത. മദ്ധ്യപ്രദേശില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍, പ്രീ പോള്‍ സര്‍വേകള്‍ എല്ലാം തന്നെ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്. അത്തരമൊരു സാഹചര്യമുള്ള സംസ്ഥാനത്ത് മൂന്നില്‍ രണ്ട് സീറ്റുകളിലും തോറ്റ് അടിയറവ് വെച്ചതിന് പിന്നില്‍ ബിജെപിയുടെ മേന്മയേക്കാള്‍ കോണ്‍ഗ്രസിലെ പോരായ്മകളാണ് ചര്‍ച്ചയാകുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കൂടുമ്ബോള്‍ ഭരണമാറ്റം എന്ന ന്യായം പറയാമെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തോല്‍വിയിലേക്ക് നയിച്ചത്. സച്ചിന്‍ പൈലറ്റ് ആയിരുന്നു 2018ല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനം ന്യായമായും പൈലറ്റ് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ അശോക് ഗെഹ്‌ലോട്ട് എന്ന മുതിര്‍ന്ന നേതാവിന് പ്രാധാന്യം നല്‍കി ആ പോര് കടുപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ കോണ്‍ഗ്രസിന്. ഫലം തിരഞ്ഞെടുപ്പില്‍ ജനം കൈവിട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ഭാരത് ജോഡോ യാത്രക്ക് വലിയ സ്വീകാര്യതയും മാദ്ധ്യമ ശ്രദ്ധയും കിട്ടിയെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ അതൊന്നും വോട്ടായി മാറിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പ്രതീക്ഷയും വേണ്ടെന്ന സൂചന തന്നെയാണ് കോണ്‍ഗ്രസിന് ജനങ്ങള്‍ നല്‍കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യങ്ങളും ബിജെപിക്ക് ഉള്ളിലെ ഭിന്നതയും മുതലെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യഭരണം പ്രതീക്ഷിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?

സംസ്ഥാനങ്ങളിലെ നിയമസഭാ ഫലവും ലോക്‌സഭാ തിരഞ്ഞെടുപ്പും തമ്മില്‍ വലിയ ബന്ധമില്ലെന്നാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അനുഭവം. അന്ന് നിയമസഭകളില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ ഉള്‍പ്പെടെ വലിയ മുന്നേറ്റമുണ്ടാക്കിയ കോണ്‍ഗ്രസ് ലോക്‌സഭയില്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ പോലും മുതലെടുക്കാന്‍ കഴിയാത്തത് ആണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. മുമ്ബില്ലാത്ത വിധം പ്രതിസന്ധികളുണ്ടായിട്ടും ബിജെപി തങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുകയും ചെയ്യുന്നു.

Hot Topics

Related Articles