ഹമ്മം : രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബായിരുന്നു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സുനില്‍ കനുഗോലു എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ തന്റെ ഫാം ഹൗസിലേക്ക് ക്ഷണിച്ചത്. തെലങ്കാനയില്‍ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു ക്ഷണം. തമിഴ്നാട് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ജോലി ഏറ്റെടുക്കാനുള്ള സമയത്തായിരുന്നു കനുഗോലുവിനെ തേടി കെസിആറിന്റെ ക്ഷണം എത്തിയത്. എന്നാല്‍ ദിവസങ്ങളോളം നീണ്ട കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കനുഗോലു കെസിആറിന്റെ ഓഫര്‍ സന്തോഷത്തോടെ നിരസിച്ചു.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണായിരുന്നു ആ വാര്‍ത്ത പുറത്തുവന്നത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രസമിതി ചെയര്‍മാനായി സുനില്‍ കനുഗോലുവിനെ എഐസിസി നിയമിച്ചു എന്ന വാര്‍ത്തയായിരുന്നു അത്. ഇന്ന് തെലങ്കാന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കെസിആര്‍ ഏറ്റവും കൂടുതല്‍ ഖേദിക്കുന്നതിന് കനുഗോലുവിനെ സ്വന്തം പാളയത്തില്‍ എത്തിക്കാൻ പറ്റിയില്ലല്ലോ എന്ന കാര്യം ഓര്‍ത്തായിരിക്കും. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന കനഗോലു കര്‍ണാടക, തെലങ്കാന എന്നീ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ മെയില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉജ്വല വിജയമായിരുന്നു സംസ്ഥാനത്ത് നേടിയെടുത്തത്. കര്‍ണാടകയില്‍ കനുഗോലുവിന്റെ നേതൃത്വത്തില്‍ ഒരുക്കിയ അതേ തന്ത്രങ്ങള്‍ തെലങ്കാനയിലും കോണ്‍ഗ്രസ് നടപ്പാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെലങ്കാനയില്‍ കെസിആര്‍ ആധിപത്യം അവസാനിപ്പിച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുക എന്നത് കനുഗോലുവിനെ സംബന്ധിച്ച് നിര്‍ണായക വെല്ലുവിളികളില്‍ ഒന്നായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുമെന്നായിരുന്നു ബിജെപിയുടെ ഭീഷണി. എന്നാല്‍ ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാഷ്ട്രീയം ലോകം ശരിക്കും അമ്ബരന്നു. മൂന്നാം തവണയും തെലങ്കാനയുടെ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട കെസിആര്‍ തകര്‍ന്നുതരിപ്പണമായി. കര്‍ണാടകയ്ക്ക് സമാനമായി നിശബ്ദമായ പ്രവര്‍ത്തനമാണ് കനുഗോലു തെലങ്കാനയിലും നടപ്പിലാക്കിയത്. കെസിആറിനെ പിന്നോട്ട് നിര്‍ത്തുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് തന്ത്രം അസൂത്രണം ചെയ്യാൻ കനുഗോലു തീരുമാനിച്ചു. എന്നാല്‍ രാഷ്ട്രീയം വ്യക്തിവിരോധമായി ഏറ്റെടുത്ത കെസിആര്‍ കനുഗോലുവിന്റെ ഓഫീസിലേക്ക് റെയ്ഡിനായി പൊലീസ് ഉദ്യോഗസ്ഥരെ പറഞ്ഞയച്ചു.
കനുഗോലുവിന്റെ ഹൈദരാബാദ് ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് സംഘം സാധന സാമഗ്രികള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി കനുഗോലുവിനെയും ഹാജരാക്കി. എന്നാല്‍ ഇതില്‍ ഒന്നും തളരാത്ത കനുഗോലു പുതിയ ഓഫീസ് ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കനുഗോലു ആഹ്ലാദിക്കുകയായിരിക്കും. ഒരു വിധത്തില്‍ പറഞ്ഞാല്‍ കെസിആറിനോടുള്ള കനുഗോലുവിന്റെ മധുരപ്രതികാരമാകാം ഇന്നത്തെ ദിവസം. തിരഞ്ഞെടുപ്പു കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് ഉപദേശിച്ചുകൊണ്ട് കോണ്‍ഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി കനുഗോലു ഉയര്‍ന്നിരിക്കുകയാണ്. ഒരു പക്ഷേ, മാദ്ധ്യമങ്ങള്‍ക്ക് മുമ്ബില്‍ ചിത്രങ്ങളിലോ, ചര്‍ച്ചകളിലോ കനുഗോലു പ്രത്യക്ഷപ്പെടാറില്ല. നിശബ്ദമായ പ്രവര്‍ത്തനമാണ് കനുഗോലുവിന്റെ മുഖമുദ്ര. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പങ്കാളിയായിരുന്നു. എന്നാല്‍ തെലങ്കാന കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് തടയാൻ ബിജെപി പല വഴികളും തിരഞ്ഞെടുക്കുമെന്ന് കനുഗോലുവിന് ബോദ്ധ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത്, സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം പരിമിതപ്പെടുത്താനാണ് കനുഗോലു ആദ്യം ശ്രമിച്ചത്. പിന്നീട്, തെലങ്കാനയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് വൈഎസ്‌ആറിന്റെ മകള്‍ വൈഎസ് ശര്‍മിളയോട് അഭ്യര്‍ത്ഥിച്ചു. തന്നെ അറസ്റ്റ് ചെയ്യാൻ തുനിഞ്ഞിറങ്ങിയ കെസിആറിനെ വിനയാന്വിതയാക്കുമെന്ന് പ്രതികാരബുദ്ധിയോടെ ശര്‍മിള പ്രതിജ്ഞയെടുത്തു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും തെലങ്കാനയിലെ മത്സരത്തില്‍ നിന്ന് പിന്മാറിയത്, കനുഗോലുവിന്റെ ജോലി കൂടുതല്‍ എളുപ്പമാക്കി. ബിജെപിയുടെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞതോടെ കെസിആറും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള ഒരു മത്സരത്തിന് തെലങ്കാന സാക്ഷ്യം വഹിച്ചു.