കൊച്ചി, 15 മാർച്ച് 2024: വൃക്ക രോഗികൾക്ക് കലാ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ചായിരുന്നു വൃക്ക മാറ്റിവെച്ച രോഗികൾക്കും മെഡ്സിറ്റിയിൽ ഡയാലിസിസിന് വിധേയരാകുന്നവർക്കും വേണ്ടി പ്രത്യേക പ്രദർശന വിപണന മേള സംഘടിപ്പിച്ചത്.
ആശുപത്രിയിൽ ഒരുക്കിയ എക്സിബിഷനിൽ രോഗികൾ സ്വന്തമായി നിർമ്മിച്ച കലാസൃഷ്ടികളും കരകൗശല വസ്തുക്കളും വിവിധയിനം ഭക്ഷ്യ വസ്തുക്കളും മൂല്യവർധിത ഉൽപ്പന്നങ്ങളും കാണാനും വാങ്ങാനുമുള്ള അവസരം ഉണ്ടായിരുന്നു. വൃക്ക രോഗികളുടെ ഉന്നമനത്തിൽ സമൂഹത്തെ കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൃക്ക മാറ്റിവെക്കൽ ചികിത്സയിൽ രാജ്യത്തെ തന്നെ മുൻനിര ആശുപത്രികളിലൊന്നാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റി. 42 പീഡിയാട്രിക് കിഡ്നി ട്രാൻസ്പ്ലാൻറ് ഉൾപ്പെടെ 412 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ഇതിൽ 276 എണ്ണം നടത്തിയത് റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാൻ്റ് സെൻ്റർ കൂടിയായ മെഡ്സിറ്റിയിലെ ഡോക്ടർമാർ പത്ത് കിലോയിൽ താഴെ ഭാരമുള്ള കുട്ടികളിലെ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ അതി സങ്കീർണമായ ട്രാൻസ്പ്ലാൻ്റ് ശസ്ത്രക്രിയകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
രോഗമുക്തി നേടിയവരുടെ ഒത്തുചേരലും വൃക്കയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ മെഡ്സിറ്റിയിലെ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മൂകാഭിനയം ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു.