കോട്ടയം: 18-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ കോട്ടയം ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയത്തില്‍ ചേര്‍ന്ന കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
പൗരന്മാര്ക്ക് സ്വാതന്ത്ര്യവും, നീതിയും, തുല്യതയും വിഭാവന ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടന മുമ്പെങ്ങുമില്ലാത്തവിധം ഭീക്ഷണി നേരിടുന്നു. രാജ്യത്തെ അതിദരിദ്രരില്‍ ഏറെയും ഉള്ളത് ദളിതരോ ആദിവാസികളോ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരോ ആണ്. വിവേചനമില്ലാതെ പൗരന്മാര്ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും നീതിയും ലഭ്യമാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ അട്ടിമറിച്ച സവര്‍ണ്ണ സാമ്പത്തിക സംവരണം യാതൊരുവിധ പഠനവും വിവരങ്ങളുമില്ലാതെ അത്യുല്‍സാഹത്തോടെ നടപ്പിലാക്കിയ സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്. ഇതിലൂടെ ഉണ്ടാകാനിടയുള്ള അസന്തുലിതാവസ്ഥയ്ക്കും സമൂഹങ്ങള്‍ തമ്മിലുള്ള വിള്ളലുകള്‍ക്കും പരിഹാരം തേടുന്നതില്‍ അധികാരത്തിലുള്ള സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ലാത്ത അവസ്ഥയാണുള്ളത്.
സ്വാതന്ത്ര്യത്തിന്റെ ഏഴരപതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളുടെ സാമൂഹ്യ അവസ്ഥയേയും അധികാരഘടനയിലെ അവരുടെ പങ്കാളിത്തത്തേയും പൊതുവിഭവങ്ങളിന്മേലുള്ള അവകാശത്തെയും സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. അധികാര വിഭവ പങ്കാളിത്തത്തിന്റെ ശരിയായ ചിത്രം പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് അനിവാര്യമാണ്. എന്നാൽ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നിട്ടും സാമൂഹിക നീതീക്കായുള്ള ഈ അനിവാര്യതയെ അവഗണിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്.
കേന്ദ്ര ഗവണ്മെന്റ് ജാതിസെന്‍സസിനെ അനുകൂലിക്കുന്നില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ നടപ്പിലാക്കുന്നതിന് അധികാരമുണ്ടായിട്ടും കേന്ദ്രത്തിന്റെ ചുമതലയാണെന്ന നിലപാടുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യത്തെ നിരാകരിക്കുകയാണുണ്ടായത്. അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള പ്രതിപക്ഷവും അതിന്റെ നേതൃസ്ഥാനത്തുള്ള കോണ്‍ഗ്രസും സംസ്ഥാനത്ത് ഇക്കാര്യത്തില്‍ വ്യക്തതയുള്ള നിലപാട് സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു മുന്നണിയേയും പ്രത്യക്ഷമായി പിന്തുണയ്ക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. സംഘടനയിലെ അംഗങ്ങള്‍ സാമൂഹിക നീതി സങ്കൽപ്പത്തെ ഉയര്‍ത്തിപ്പിടിച്ച് ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കണം.
പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ട്രഷറർ അഡ്വ.എ.സനീഷ്കുമാർ,എൻ.ബിജു,എ.പി.ലാൽകുമാർ,പി.എൻ.സുരൻ,പി.ജെ.സുജാത,വി.ശ്രീധരൻ,പി.വി.ബാബു,ഡോ.ആർ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.