പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; എം.വി ഗോവിന്ദൻ ഇന്ന് ഉദ്ഘാടനം ചെയ്യും

കണ്ണൂർ: കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം നിർമിച്ച സ്മാരക മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും. പാനൂർ തെക്കുംമുറി എകെജി നഗറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വൈകിട്ട് അഞ്ചിന് മന്ദിരം ഉത്ഘാടനം ചെയ്യുക. 2015 ജൂൺ ആറിനാണ് ഈസ്റ്റ് ചെറ്റക്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ ഷൈജു, സുബീഷ് എന്നീ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടത്. ബോംബ് നിർമ്മിക്കുമ്പോൾ കൊല്ലപ്പെട്ട ഇരുവരെയും രക്തസാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി സ്മാരക മന്ദിരം പണിയുന്നത് വലിയ വിവാദമായിരുന്നു.

Advertisements

2015ൽ സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് തള്ളിപറഞ്ഞെങ്കിലും കണ്ണൂർ ജില്ലാ നേതൃത്വം ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങുകയും പാർട്ടി വക ഭൂമിയിൽ സംസ്കരിക്കുകയും ചെയ്തു. 2016 മുതൽ രക്തസാക്ഷി ദിനവും ആചരിച്ചുതുടങ്ങി. അതേ വർഷം തന്നെ ധനസമാഹരണം തുടങ്ങിയ സ്മാരക മന്ദിര നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്. വിവാദമായതോടെ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് സിപിഎം നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ ഷൈജുവും സുബിഷും രക്തസാക്ഷികൾ തന്നെയെന്ന് വ്യക്തമാക്കി മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ ന്യായീകരിച്ചിരുന്നു.

Hot Topics

Related Articles