കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അലോട്ടി അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് കൊപ്രയിൽ വീട്ടിൽ ( പുതുപ്പള്ളി കൊച്ചുമറ്റം ഭാഗത്ത് ഇപ്പോൾ താമസം) അലോട്ടി എന്ന് വിളിക്കുന്ന ജെയിസ് മോൻ (30), മീനടം അടമ്പുകാട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ ടിജോ.കെ.തോമസ് (38) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജെയിസ് മോനും, ടിജോയും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 10 :30 മണിയോടുകൂടി പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ വെളിയിലിറക്കി മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ പിതാവ് ജെയിസ് മോന് എതിരെ മുൻപ് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ പിടികൂടുകയുമായിരുന്നു. അലോട്ടിക്ക് ഗാന്ധിനഗർ, കിടങ്ങൂർ, തിരുവല്ല, തൃക്കൊടിത്താനം, വള്ളികുന്നം, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ,സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്, അജേഷ്, അരുൺ, അനീഷ്, ഗിരീഷ്, രാജീവ്,സരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.