കോട്ടയം : ചലച്ചിത്ര-മാധ്യമ പ്രവര്‍ത്തകനും പ്രസാധകനും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്ന അന്തരിച്ച ചെലവൂർ വേണു അനുസ്മരണം കോട്ടയത്ത് നടന്നു. ചടങ്ങിൽ ജയൻ മാങ്ങാട് സംവിധാനം ചെയ്ത ചെലവൂർ വേണു; ജീവിതം, കാലം എന്ന ജീവചരിത്ര ചലച്ചിത്രം പ്രദർശിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി നിർമ്മിച്ചതാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോകുമെന്ററി.
മഴവിൽ വനിതാ ഫിലിം സൊസൈറ്റിയും ചിത്രദർശന ഫിലിം സൊസൈറ്റിയും ചേർന്നു ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ എം ജി സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻമേധാവി കുര്യൻ കെ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ, മഴവിൽ വനിതാ ഫിലിം സൊസൈറ്റി സെക്രട്ടറി ഹേന ദേവദാസ് എന്നിവർ സംസാരിച്ചു. അഡ്വ കെ സുരേഷ് കുറുപ്പ്, ചിത്രദർശന ഫിലിം സൊസൈറ്റി പ്രസിഡണ്ട് തേക്കിൻകാട് ജോസഫ്, ഡോ എം ജി ബാബുജി, പ്രൊഫ ഇ ജോൺ മാത്യു, നിസാം സെയ്ദ്, ജെ ലേഖ, ഏലിയാമ്മ കോര അടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.