ഗൃഹ നിരീക്ഷണത്തിലുള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണം: ഡിഎംഒ ഡോ. എല്‍ അനിതകുമാരി

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിനായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോക്ടര്‍ എല്‍ അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിക്കുക, വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, എന്‍95 മാസ്‌ക്കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക/സാനിട്ടൈസ് ചെയ്യുക. പാത്രങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായും പങ്കു വെക്കരുത്. ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പ്/ ഡിറ്റര്‍ജന്റ്/ വെള്ളം എന്നിവ ഉപയോഗിച്ച് വ്യക്തമാക്കുക. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക,
മൂന്നുദിവസത്തിനകം ശരീരോഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസ് മുകളില്‍ തുടര്‍ന്നാല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍, ഒരു മണിക്കൂറില്‍ മൂന്നുതവണയും ഓക്‌സിജന്‍ സാച്യുറേഷന്‍ 93% താഴ്ന്നാല്‍, നെഞ്ചില്‍ വേദന/ഭാരം/ആശയക്കുഴപ്പം അനുഭവപ്പെട്ടാല്‍,കഠിനമായ ക്ഷീണവും പേശി വേദനയും ഉണ്ടായാല്‍ വൈദ്യസഹായം ഉടന്‍ തേടണം.
ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് ബാധിതരെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- രോഗിയുടെ അടുത്ത് പോകുമ്പോള്‍ എന്‍95 മാസ്‌ക് ഉപയോഗിക്കുക, താമസിക്കുന്ന മുറിയില്‍ തന്നെ രോഗിക്ക് ആഹാരം നല്‍കുക, കൈകളില്‍ ഗ്ലൗസ് ധരിക്കുക, മുന്‍ഭാഗത്ത് സ്പര്‍ശിക്കാനോ സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താനോ പാടില്ല, നനഞ്ഞ മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്, രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്തതിനുശേഷവും ഗ്ലൗസ് അഴിച്ചതിന് ശേഷവും കൈകള്‍ കഴുകി വൃത്തിയാക്കുക. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ടെസ്റ്റ് ചെയ്യുന്നതിന് വിമുഖത കാട്ടരുത്. പ്രായമുള്ളവര്‍ക്കും ,രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ രോഗം ഗുരുതരമായേക്കാം. വാക്‌സിന്‍ എടുത്തു എന്ന് കരുതി ജാഗ്രത കുറവ് പാടില്ല. ജാഗ്രത കൈവിടാതെ എല്ലാവരുടെയും സുരക്ഷയെ കരുതി മുന്നോട്ടുപോകണമെന്ന് ഡിഎംഒ അറിയിച്ചു.

Advertisements

Hot Topics

Related Articles