ദില്ലി: ഇന്ത്യയിൽ ബീഫ് ഉപഭോഗം നിരോധിച്ചാല്‍ ആ നിയമം പാലിക്കണമെന്ന് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്. പാക് ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാക്കിർ നായിക് ഇക്കാര്യം പറഞ്ഞത്. അതത് രാജ്യത്ത് താമസിക്കുന്ന രാജ്യത്തെ നിയമം പാലിക്കണമെന്ന് സാക്കിർ നായിക് പറഞ്ഞു.ഇസ്ലാമിൽ ബീഫ് കഴിക്കുന്നത് നിർബന്ധമല്ലെന്നും നിരോധനം ഏർപ്പെടുത്തിയാൽ അത് പാലിക്കണമെന്നും സാക്കിർ നായിക് വ്യക്തമാക്കി. സാക്കിർ നായിക്കിൻ്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുതിർന്ന ജെഡിയു നേതാവ് കെസി ത്യാഗി രംഗത്തെത്തി.അതേസമയം, സാക്കിർ നായിക് ബുധനാഴ്ച ഇസ്ലാമാബാദിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാമിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾക്ക് ഷെരീഫ് സാക്കിർ നായിക്കിനെ പ്രശംസിച്ചു. നിലവിൽ മലേഷ്യയിൽ താമസിക്കുന്ന നായിക് , പാകിസ്ഥാൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വാർത്ത എക്സിൽ പങ്കിട്ടു. ഗവൺമെൻ്റിൻ്റെ ക്ഷണപ്രകാരമാണ് നായിക്കിൻ്റെ പാകിസ്ഥാൻ സന്ദർശനം.മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് സാക്കിർ നായിക് പാകിസ്ഥാൻ സന്ദർശിക്കുന്നത്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇയാൾ പ്രഭാഷണം നടത്തും. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദം പ്രോത്സാഹിപ്പിക്കലും ആരോപിക്കപ്പെട്ട നായിക്, 2016-ൽ ഇന്ത്യ വിട്ടു. തുടർന്ന് അന്നത്തെ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുമതി നൽകി.