ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയ്ക്ക് പിന്നാലെ മരുമകനും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് ; ഡമാസ്‌കസിലും ഇസ്രായേൽ വ്യോമാക്രമണം

ടെൽ അവീവ്: ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്റല്ലയുടെ മരുമകൻ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോ‍ർട്ട്. ഡമാസ്‌കസിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ ജാഫർ അൽ ഖാസിർ കൊല്ലപ്പെട്ടതായാണ് സൂചന. സിറിയയിലെ ഇസ്രായേൽ ആക്രമണത്തിൽ അൽ-ഖാസിർ ഉൾപ്പെടെ രണ്ട് ലെബനീസ് പൗരൻമാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. ദീർഘകാലമായി ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹസൻ നസ്റല്ല കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നസ്‌റല്ല കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുമ്പാണ് അൽ-ഖാസിറിൻ്റെ മരണം. ഹിസ്ബുല്ല, ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോപ്‌സ് നേതാക്കൾ പതിവായി എത്തിയിരുന്ന മൂന്ന് നില കെട്ടിടം ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാലോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഈയാഴ്ച പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ഇസ്രായേൽ വ്യോമാക്രമണമാണിത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയും ഇസ്രായേൽ ഇതേ മേഖലയിൽ ആക്രമണം നടത്തിയിരുന്നു. ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നസ്റല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ‘ബങ്കർ ബസ്റ്റർ’ എന്നറിയപ്പെടുന്ന 900 കിലോഗ്രാം മാർക്ക് 84 സീരീസ് ബോംബുകളാണ് ഉപയോ​ഗിച്ചത്. പതിറ്റാണ്ടുകളായി ഇസ്രായേലിൻ്റെ ഹിറ്റ് ലിസ്റ്റിലുള്ള ഹിസ്ബുല്ല നേതാവായിരുന്നു നസ്റല്ല. നസ്‌റല്ലയുടെ മരണത്തെത്തുടർന്ന് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണത്തിനും പ്രധാന നേതാക്കളെ കൊലപ്പെടുത്തിയതിനുമുള്ള പ്രതികരണമാണ് ഇസ്രായേലിനെതിരായ മിസൈൽ ആക്രമണമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോപ്സ് വ്യക്തമാക്കിയിരുന്നു. അതേസമയം, ലെബനനിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഇസ്രായേൽ സേന അതി‍ർത്തിയിൽ നിന്ന് 400 മീറ്ററോളം അകത്തേയ്ക്ക് പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലുകളിൽ ബുധനാഴ്ച എട്ട് ഇസ്രായേലി സൈനികരാണ് കൊല്ലപ്പെട്ടത്. ലെബനൻ അധിനിവേശത്തിൻ്റെ രണ്ടാം ദിവസമാണ് ഇസ്രായേൽ സൈനികർ ആദ്യമായി ഹിസ്ബുല്ല പോരാളികളെ നേർക്കുനേർ നേരിട്ടത്.

Advertisements

Hot Topics

Related Articles