മൂർഖന്റെ കടിയേറ്റാൽ രോഗിയ്ക്ക് രക്ഷപെടാൻ വേണ്ടത് 25 കുപ്പി ആന്റിവെനം! വാവാ സുരേഷിന്റെ ശരീരത്തിൽ കയറ്റിയത് 65 കുപ്പിയിലധികം; വാവയെ കടിച്ചത് വിശന്നിരുന്ന, അരിശം കയറിയ മൂർഖൻ; ഒറ്റക്കടയിൽ പരമാവധി വിഷം ഉള്ളിൽച്ചെന്നതായും റിപ്പോർട്ട്

കോട്ടയം: മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ആരോഗ്യ സ്ഥിതി പൂർണമായും വീണ്ടെടുത്തു തുടങ്ങി. ഇതിനിടെ, വാവാ സുരേഷിന്റെ ചികിത്സയുടെ വിശദാംശങ്ങളും പുറത്തു വരുന്നുണ്ട്. വാവാ സുരേഷിന് നൽകിയ മരുന്നിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സുരേഷിന് 65 കുപ്പി ആന്റി വെനം നൽകിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആദ്യമായിട്ടാണ് കോട്ടയം മെഡിക്കൽ കോളേജ് പാമ്പ് കടിയേറ്റ ഒരാൾക്ക് ഇത്രയധികം അന്റിവെനം നൽകുന്നത്. സാധാരണയായി മൂർഖന്റെ കടിയേറ്റാൽ പരമാവധി 25 കുപ്പിയാണ് നൽകാറ്.

Advertisements

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി കാണാത്തതിനെ തുടർന്നാണ് കൂടുതൽ ഡോസ് ആന്റിവെനം നൽകിയത്. വാവാ സുരേഷിനെ കടിച്ച പാമ്പിനെ പാറക്കെട്ടിനുള്ളിൽ മൂന്നു ദിവസം നാട്ടുകാർ വലയിട്ട് കെട്ടി വച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വാവാ സുരേഷ് എത്താൻ വൈകിയതിനാലാണ് പാമ്പിനെ പിടികൂടാൻ സാധിക്കാതെ പോയത്. ഈ സമയമത്രയും പാമ്പിന് ഭക്ഷണം ലഭിച്ചിരുന്നില്ല. ഇത് കൂടാതെ പാമ്പ് ഇണചേരാൻ സന്നദ്ധനായിരുന്നതായി പാമ്പിനെ പരിശോധിച്ച വനം വകുപ്പ് അധികൃതരും പറയുന്നു. ഈ സാഹചര്യങ്ങളെല്ലാം ചേർന്നതിനാൽ പാമ്പിന്റെ ശരീരത്തിൽ പരമാവധി വിഷം ശേഖരിച്ചിരുന്നു. ഈ വിഷമാണ് വാവാ സുരേഷിന്റെ മേൽ പ്രയോഗിച്ചതെന്നാണ് കണക്ക് കൂട്ടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശരീരത്തിൽ പാമ്പിന്റെ വിഷം കൂടുതൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പാമ്പ് കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങാൻ ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. നാളെ ആശുപത്രി വിട്ടേക്കും. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം കുറിച്ചിയിൽ വച്ചാണ് വാവ സുരേഷിന് മുർഖന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടുന്നതിനിടയിൽ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹം കുറച്ച് ദിവസം വെന്റിലേറ്ററിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിനെ തോമസ് ചാഴികാൻ എം.പിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, മോൻസ് ജോസഫ് എം.എൽ.എയും സന്ദർശിച്ചിരുന്നു. ഇദ്ദേഹം ആരോഗ്യ സ്ഥിതി വീണ്ടെടുത്തതായാണ് സന്ദർശിച്ചവരെല്ലാം പറയുന്നത്.

Hot Topics

Related Articles