കോട്ടയം : മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി.പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഇയാള്‍ ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കല്‍ വീട്ടില്‍ ജോബിന് (27)നെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി പി.മോഹനകൃഷ്ണന്റേതാണ് വിധി. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് മൂന്നുമാസം കഠിനതടവും ശിക്ഷയുണ്ട്. ഇത് ഒരുമിച്ച് അനുഭവിക്കണം. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുടപ്പനക്കുഴി മണപ്പാട്ട് വീട്ടില്‍ അജേഷ് ജോസഫ് (41) നെ കൊലപ്പെടുത്തിയ കേസിലാണ് യുവാവിനെ ശിക്ഷിച്ചത്.
2021 ഫെബ്രുവരിയിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട അജേഷ് മുണ്ടത്താനം എബനേസര്‍ ചര്‍ച്ചിലെ പാസ്റ്ററും മേസ്തിരിപ്പണിക്കാരനുമായിരുന്നു. ജോബിന്റെ മദ്യപാനത്തിനും ദുര്‍നടപ്പിനുമെതിരേ വഴിയിലും മറ്റും കാണുമ്ബോഴെല്ലാം പാസ്റ്ററായ അജേഷ് ഉപദേശിച്ചിരുന്നു. ഇത് പ്രതിയെ ചൊടിപ്പിച്ചു. കൊലപാതകം നടന്ന ദിവസം രാവിലെ വഴിയില്‍വച്ച് ഇരുവരും തമ്മില്‍ വാക്ക് തർക്കമുണ്ടായി. അന്ന് രാത്രി ഇത് ചോദിക്കാനായി ജോബിന് അജേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും വീണ്ടും ഇവർ തമ്മില്‍ തർക്കമുണ്ടാകുകയും ചെയ്തു. വാക്കേറ്റത്തിനിടെ നിലത്തുവീണ ജോബിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ ഭാര്യയുടെ മുന്നില്‍വച്ച് ജോബിന് കത്തിക്ക് കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാസ്റ്റർ ചികിത്സയിലിരിക്കെ 2 ദിവസങ്ങള്‍ക്കിപ്പുറം മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിലെ ഒന്നാം സാക്ഷി പാസ്റ്ററുടെ ഭാര്യയായിരുന്നു. ഇതോടൊപ്പം മറ്റ് 19 സാക്ഷികളെയും വിസ്തരിച്ചു. 26 പ്രമാണങ്ങളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 302, 447 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സജി എസ്.നായര്‍ കോടതിയില്‍ ഹാജരായി. കാഞ്ഞിരപ്പള്ളി പോലീസ് ഇന്‍സ്പെക്ടറായിരുന്ന എന്‍.ബിജുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.