കോട്ടയം : നാഗമ്പടത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച അക്രമി നെഹ്റു സ്റ്റേഡിയത്തിന് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അരമണിക്കൂറോളം. നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ ഇടവഴിയിൽ അരമണിക്കൂറോളം കത്തിയുമായി നിലയുറപ്പിച്ച പ്രതി വഴിയാത്രക്കാരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയും ഇവർക്കുനേരെ കത്തി വീശുകയും ചെയ്യുകയായിരുന്നു. ഇതിനിടയാണ് ഇതുവഴി നടന്നുപോയ കളക്ടറേറ്റ് സ്വദേശിയായ ശിവദാസിന് കുത്തേറ്റത്. കഴുത്തിന് കത്തികൊണ്ട് മാരകമായി മുറിവേറ്റ ശിവദാസിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് ആറുമണിയോടുകൂടി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ ഇടവഴിയിലായിരുന്നു അക്രമ സംഭവങ്ങൾ. വൈകുന്നേരം മുതൽ തന്നെ കത്തിയുമായി അക്രമി പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇതുവഴി കടന്നുപോകുന്ന ആളുകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും , ഇവർക്കുനേരെ കത്തി വീശുകയും ആയിരുന്നു പ്രതി ചെയ്തിരുന്നത്. ഇതിനിടയാണ് ശിവദാസ് ഇതുവഴി കടന്നുവന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം ഇവിടെ നിന്ന പ്രതി ശിവദാസിനു നേരെയും കത്തി വീശി. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ശിവദാസിന്റെ കഴുത്തിൽ കത്തികൊണ്ട് മാരകമായി മുറിവേറ്റു. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ശിവദാസ് സമീപത്തെ സ്ഥാപനത്തിലേക്കാണ് ഓടിക്കേറിയത്. ഈ സമയം കത്തിയുമായി പ്രതി പിന്നാലെ കൂടി. സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാർ അടക്കമുള്ളവർ ചേർന്ന് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, ഇയാൾ വീണ്ടും നാഗമ്പടം നെഹ്റു സ്റ്റേഡിയം ഭാഗത്തേക്ക് എത്തി.
ഇവിടെവെച്ച് പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും സ്ഥാപനത്തിലെ ജീവനക്കാരും ചേർന്ന് ഇയാളെ സാഹസികമായി കീഴ്പ്പെടുത്തി. കയ്യും കാലും കെട്ടിയിട്ട ശേഷം അക്രമിയെ പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. ഇയാൾ മുൻപും സമാന രീതിയിൽ നാഗമ്പടം ഭാഗത്ത് അക്രമത്തിൽ ഏർപ്പെട്ടിട്ടുള്ളത് നാട്ടുകാർ പറഞ്ഞു. നാഗമ്പടം പരിസരപ്രദേശം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധസംഘം വ്യാപകമായി അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. നാഗമ്പടം സ്റ്റേഡിയവും , ബസ് സ്റ്റാന്റും പരിസരപ്രദേശവും കേന്ദ്രീകരിച്ചാണ് സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്പടിക്കുന്നത്. ഇവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.