കോട്ടയം: മണർകാട് മാലത്ത് റോഡരികിലെ പുരയിടത്തിൽ സാമൂഹിക വിരുദ്ധ സംഘം കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മണർകാട് മാലം പരിയാരത്തിൽ പി.എ മാണിയുടെ പുരയിടത്തിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ശനിയാഴ്ച അർദ്ധരാത്രിയ്ക്കു ശേഷവും ഞായറാഴ്ച പുലർച്ചെയുമായാണ് ടാങ്കർ ലോറിയിൽ എത്തിയ സംഘം കക്കൂസ് മാലിന്യം തള്ളിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റോഡരികിൽ തള്ളിയ കക്കൂസ് മാലിന്യം കണ്ടെത്തിയത്. ടാങ്കർ ലോറിയിൽ എത്തിയ സംഘമാണ് മാലിന്യം തള്ളിയതെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് മണർകാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാഹനം കണ്ടെത്തിയാൽ കർശന നടപടികൾ അടക്കം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.