പത്തനംതിട്ട : വിവാഹദിനത്തിൽ നവവധുവിനെയും വരനെയും ആക്രമിച്ച കേസിൽ, സഹോദരങ്ങളായ മൂന്ന് പേരുള്‍പ്പെടെ നാലുപേരെ കീഴ്‌വായ്പൂര്‍ പൊലീസ് അറസ്റ്റുചെയ്തു. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. കാറിൽ വരന്റെ വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
വിവാഹസംഘം സഞ്ചരിച്ച വാഹനത്തിന് പ്രതികളിൽ ഒരാൾ സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്നാണ് ആക്രമണം നടന്നത്. കാറിന്റെ മുന്നിൽ കയറി തടഞ്ഞുനിർത്തിയ ശേഷം ഒന്നാം പ്രതി അഭിജിത്ത് വധുവിനെയും വരനെയും മര്‍ദിച്ചു. തുടര്‍ന്ന് വിളിച്ചുവരുത്തിയ മറ്റു പ്രതികൾ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ഡോറുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. പൊട്ടിയ ചില്ലുകൾ വധുവിന്റെ ദേഹത്ത് വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റിലായത് നെടുമ്പാറ മണ്ണഞ്ചേരി മലയിൽ വീട്ടിൽ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖിൽജിത്ത് അജി (25), അമൽജിത്ത് അജി (22), പുറമറ്റം വലിയപറമ്പിൽ വീട്ടിൽ മയൂഖ്നാഥ് (20) എന്നിവരാണ്. കോട്ടയം കുറിച്ചി സ്വദേശിനിയായ വധുവിനും വരന്‍ മുകേഷ് മോഹനനും പരിക്കേറ്റു.
ഒരു വര്‍ഷം മുന്‍പ് അഭിജിത്തിന്റെ കല്യാണദിനത്തോടനുബന്ധിച്ച് മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മിൽ ഉണ്ടായ അടിപിടിയുടേതായ വൈരാഗ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇന്‍സ്‌പെക്ടർ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.