ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായ രേഖ ഗുപ്തയ്‌ക്കെതിരെ ജനസമ്പർക്ക പരിപാടിക്കിടെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ പരാതിക്കാരനെന്ന വ്യാജേന എത്തിയ 35 കാരനായ യുവാവാണ് മുഖ്യമന്ത്രിയുടെ കരണത്ത് അടിക്കുകയും മുടിപിടിച്ച് വലിക്കുകയും ചെയ്തത്. രേഖ ഗുപ്തയെ ഉടൻ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലെന്നാണ് ഡൽഹി ബിജെപി അധ്യക്ഷന്റെ പ്രതികരണം.ആക്രമണം നടത്തിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നിലെ ഉദ്ദേശം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രേഖ ഗുപ്ത ഓരോ ബുധനാഴ്ചയും വസതിയിൽ ജനങ്ങളുമായി നേരിട്ട് കണ്ടു പരാതികൾ സ്വീകരിക്കുന്ന പതിവുണ്ട്.സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെ ബിജെപി നേതൃത്വവും മറ്റ് രാഷ്ട്രീയ പാർട്ടികളും അപലപിച്ചു. “യോഗത്തിൽ പങ്കെടുത്ത ഒരാൾ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടർമാർ പരിശോധന നടത്തുന്നുണ്ട്. ആക്രമണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് അന്വേഷിക്കണം” – മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു. കോൺഗ്രസ് പ്രതികരിക്കുമ്പോൾ സംഭവം ദൗർഭാഗ്യകരമാണെന്ന് വിലയിരുത്തി.