കുമ്പള:വിദ്യാഭ്യാസ വായ്പ നേടാൻ കഴിയാതെ ആശങ്കയിലായിരുന്ന പതിനേഴുകാരി പ്രധാനമന്ത്രിക്ക് കത്ത് എഴുതി. 20 ദിവസത്തിനകം പുതുക്കിയ ആധാർ കാർഡ് തപാൽ വഴി ലഭിച്ചപ്പോൾ നന്ദി അറിയിച്ച് സന്തോഷത്തിലായി.കുമ്പള നായിക്കാപ്പിലെ ജി. ധനുശ്രീയാണ് പുതിയ ആധാർ കാർഡ് കൈപ്പറ്റിയത്. എസ്എസ്എൽസിയും പ്ലസ് ടുവും മികച്ച വിജയത്തോടെ പൂർത്തിയാക്കിയ ധനുശ്രീ ഇപ്പോൾ കർണാടകയിൽ എൻജിനിയറിങ് വിദ്യാർഥിനിയാണ്.
കർഷകകുടുംബത്തിലെ അംഗമായ ഇവർക്ക് തുടർപഠനത്തിന് വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കാനായില്ല. അഞ്ചാം വയസ്സിൽ എടുത്ത ആധാർ പുതുക്കാത്തതായിരുന്നു തടസമായി വന്നത്.കാസർകോട്ടെയും കുമ്പളയിലെയും അക്ഷയ കേന്ദ്രങ്ങളിൽ പല തവണ പോയെങ്കിലും മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനോ ആധാർ പുതുക്കാനോ സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയുമായി കാസർകോട്ടെ അദാലത്തിൽ പങ്കെടുത്തിട്ടും ഫലം കണ്ടില്ല.നിരാശയിലായപ്പോൾ പേരാൽ ജിജെബിഎസ് സ്കൂളിന്റെ മുൻ പ്രഥമാധ്യാപകൻ ഗുരുമൂർത്തിയെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പ്രധാനമന്ത്രിക്ക് സ്വന്തം കൈപ്പടയിൽ കത്ത് എഴുതി. ഏതാനും ദിവസങ്ങൾക്കു ശേഷവും മറുപടി ലഭിക്കാതെ വന്നപ്പോൾ വിഷമിച്ചിരുന്നെങ്കിലും 20-ാം ദിവസം പുതുക്കിയ ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്തി.
നായിക്കാപ്പിലെ ജി. കൃഷ്ണകുമാറിന്റെയും അരുണാദേവിയുടെയും മകളാണ് ധനുശ്രീ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നന്ദി അറിയിച്ചു കൊണ്ട് ധനുശ്രീ ഇപ്പോൾ വിദ്യാഭ്യാസവായ്പയ്ക്കായി ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.