തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ഗുരുതര ചികിത്സാപിഴവിനെ തുടർന്ന് ഡോക്ടർ രാജീവ് കുമാറിനെതിരെ കേസ് എടുത്തു. ഐപിസി 336, 338 വകുപ്പുകളിലാണ് ഡോക്ടർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കേസിൽ നിലവിൽ പ്രതി ഒരാളാണ്.കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യ (29)യാണ് ചികിത്സാപിഴവിന്റെ ഇരയായത്. 2023 മാർച്ച് 22-ന് സുമയ്യ ആശുപത്രിയിൽ എത്തി. തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് ഡോ. രാജീവ് കുമാർ നിർവഹിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയർ തന്നെയാണ് ശസ്ത്രക്രിയയ്ക്കുശേഷം നെഞ്ചിൽ കുടുങ്ങിയത്.വിദഗ്ധ പരിശോധനയ്ക്കിടെ എക്സ്റേയിൽ വയർ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. അതിനാൽ ഇനി ശസ്ത്രക്രിയ നടത്തി പുറത്തെടുക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടര്ന്ന് ശ്രീചിത്ര ആശുപത്രിയടക്കം നിരവധി സ്ഥലങ്ങളിൽ സുമയ്യ ചികിത്സ തേടിയെങ്കിലും വലിയൊരു മുന്നേറ്റം ഉണ്ടായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുമയ്യയുടെ സഹോദരീഭർത്താവ് സബീർ ആരോഗ്യവകുപ്പ് സംഭവം ഗൗരവമായി കാണുന്നില്ലെന്നും നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കുമുമ്പ് ഡോ. രാജീവ് കുമാറിന് പണം നൽകിയിരുന്നുവെന്നും, നെടുമങ്ങാട് പ്രൈവറ്റ് ക്ലിനിക്കിൽ പോയി കണ്ട ശേഷമാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ട് 24 മണിക്കൂറായി. എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് ഇതുവരെ പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ല. ഗുരുതര പിഴവിന്മേൽ വിദഗ്ധ ചികിത്സയും നീതിയും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സുമയ്യയും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്.