ഹിസോർ (തജിക്കിസ്ഥാൻ) :കാഫ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തിളങ്ങി. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം തജിക്കിസ്ഥാനെതിരായ മത്സരത്തിൽ 2-1ന് വിജയിച്ച ഇന്ത്യ, പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴിൽ മികച്ച തുടക്കം കുറിച്ചു.മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ മലയാളി താരം മുഹമ്മദ് ഉവൈസിന്റെ ലോങ് ത്രോയിൽ നിന്ന് അൻവർ അലി ഗോൾ നേടി ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു. പിന്നാലെ 13-ാം മിനിറ്റിൽ സന്ദേശ് ജിങ്കാൻ ഇന്ത്യയുടെ രണ്ടാമത്തെ ഗോൾ നേടി (2-0). 23-ാം മിനിറ്റിൽ തജിക്കിസ്ഥാനായി ഷാറോം സാനിയേവ് ഒരു ഗോൾ തിരികെ നേടി (2-1).
രണ്ടാം പകുതിയിൽ പതിവായി വഴങ്ങിവന്ന ഗോൾ ഒഴിവാക്കാൻ ഇന്ത്യ കരുതലോടെയായിരുന്നു കളിച്ചത്. 70-ാം മിനിറ്റിൽ ആതിഥേയർക്ക് ലഭിച്ച പെനൽറ്റി ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു അതിമനോഹരമായി തടഞ്ഞു. ഇതോടെ മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യ ഉറപ്പിച്ചു.2008ലെ എഎഫ്സി ചാലഞ്ച് കപ്പിലെ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിലുണ്ടായിരുന്ന മുൻ വിജയം കഴിഞ്ഞാണ് ഇന്ത്യയ്ക്കു തജിക്കിസ്ഥാനെതിരെ വീണ്ടും ജയിക്കാൻ കഴിഞ്ഞത്. സെപ്റ്റംബർ ഒന്നിന് ഇറാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.ആഷിഖ് കുരുണിയനും മുഹമ്മദ് ഉവൈസും ഉൾപ്പെടെ മലയാളി താരങ്ങൾ ആദ്യ ഇലവനിൽ ഇടം പിടിച്ചതും ശ്രദ്ധേയമായി.