ഇടുക്കി:വീടിന്റെ പെർമിറ്റ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ അർബുദരോഗിയായ വീട്ടമ്മ നിരാഹാര സമരത്തിലേക്ക്. കോഴിമല സ്വദേശിനിയായ ഓമനയാണ് സമരം ആരംഭിച്ചത്.പിഎംഎവൈ പദ്ധതി പ്രകാരം വീട് അനുവദിച്ചിരുന്നെങ്കിലും വനംവകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ പെർമിറ്റ് നൽകാനാകില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. ബിടിആറിൽ തേക്ക് പ്ലാന്റേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ വനംവകുപ്പ് സ്വന്തം ഭൂമിയാണെന്ന് വാദിക്കുന്നു. കൂടാതെ, സ്ഥലം ആദിവാസി സെറ്റിൽമെന്റിൽപ്പെട്ടതാകയാൽ ജനറൽ വിഭാഗങ്ങൾക്ക് വീട് അനുവദിക്കരുതെന്ന് കോഴിമല രാജാവും പരാതി നൽകിയിട്ടുണ്ട്.ഒന്നര വർഷമായി അധികൃതരെ സമീപിച്ചിട്ടും പരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ഓമനയുടെ പരാതി. വീട് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നും “ഇവിടെ മരിച്ച് വീണാലും മതി” എന്നും അവര്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി ഭൂവിവാദം കോഴിമല പ്രദേശത്ത് നിലനിൽക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി.
വീടിന് പെർമിറ്റ് നൽകുന്നില്ലെന്ന് പരാതി; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോഗിയായ ഓമന
