കൊച്ചി:രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് എന്നും വഖഫ് സ്വത്തുക്കൾ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികൾ അനുവദിക്കരുതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തിൽ സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ആശങ്ക ശരിവയ്ക്കുന്നതാണ് പുതിയ സാഹചര്യമെന്നും അദ്ദേഹം വ്യക്തമാക്കി.ആശങ്കകൾക്ക് വിരാമമിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ബഹുസ്വരവും മതേതരവുമായ മൂല്യങ്ങൾക്കും ന്യൂനപക്ഷ അവകാശങ്ങൾക്കും വിരുദ്ധമാണ് വഖഫ് ഭേദഗതി ബിൽ. ഭരണഘടനാ വിരുദ്ധമായ ഇത്തരം നീക്കത്തിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം വിവേചനവും അനീതിയും കൊണ്ടുവരുന്ന നിയമമാണ് പുതിയത്. ഇത് മൗലികാവകാശങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നും, ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ നിലനിൽപ്പിനെയും വഖഫ് സ്വത്തുക്കളെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും കാന്തപുരം ആരോപിച്ചു.