കോഴിക്കോട്:വയലിൽ നിന്ന് കിട്ടിയ അപൂർവയിനം തത്തയെ വീട്ടിലേക്ക് കൊണ്ടുവന്ന് കൂട്ടിലിട്ട് വളർത്തിയ വീടുടമസ്ഥനെതിരെ വനം വകുപ്പ് കേസ് എടുത്തു. കോഴിക്കോട് നരിക്കുനി ഭരണപ്പാറ സ്വദേശി റഹീസിനെതിരെയാണ് നടപടി.1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ-2 വിഭാഗത്തിൽപ്പെടുന്ന മോതിരം തത്തയെ കൂട്ടിലിട്ട് വളർത്തിയതാണ് കേസിന് കാരണം. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വീട്ടിന് സമീപമുള്ള വയലിൽ തെങ്ങ് മുറിച്ചുവീഴുമ്പോൾ പരിക്കേറ്റ നിലയിൽ തത്തയെ കണ്ടെത്തിയതായും, വെറും പരിചരണാർത്ഥമാണ് കൂട്ടിലിട്ടതെന്നും,അപൂർവയിനമാണെന്നറിയില്ലായിരുന്നുവെന്നും റഹീസ് വനംവകുപ്പിനോട് വിശദീകരിച്ചു.റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റഹീസിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. തത്തയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. റഹീസിനെതിരെ ചുമത്തിയ വകുപ്പുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.