സിഡ്നി :ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റിനും ഏകദിനത്തിനുമാണ് താരം ഇനി മുതൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കുക.ആകെ 65 ടി20 മത്സരങ്ങളിൽ നിന്ന് 79 വിക്കറ്റ് സ്വന്തമാക്കിയ സ്റ്റാർക്, 2021-ലെ ലോകകപ്പ് നേടിച്ചേർത്ത ഓസീസ് ടീമിലെ നിർണായക അംഗമായിരുന്നു. “ടെസ്റ്റ് ക്രിക്കറ്റിനാണ് എനിക്ക് ഏറ്റവും പ്രാധാന്യം.
ഓസ്‌ട്രേലിയയ്ക്കായി കളിച്ച ഓരോ ടി20 മത്സരവും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2021-ലെ ലോകകപ്പ്. വിജയത്തിന്റെ ആവേശം മാത്രമല്ല, ടീമിനൊപ്പമുള്ള നിമിഷങ്ങളും എനിക്ക് അതീവ പ്രിയപ്പെട്ടതാണ്,” സ്റ്റാർക് വ്യക്തമാക്കി.2027-ലെ ഏകദിന ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചു. “ഇന്ത്യൻ ടെസ്റ്റ് പര്യടനം, ആഷസ് പരമ്പര, 2027-ലെ ലോകകപ്പ് എന്നിവയെ മുന്നിൽ കണ്ടുകൊണ്ട്, മികച്ച ഫിറ്റ്നസും ഫോം നിലനിർത്താനുമുള്ള ഏറ്റവും നല്ല വഴിയാണ് ഈ തീരുമാനം. കൂടാതെ, അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാനും ടീമിന് സമയം ലഭിക്കുമെ ന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.