തിരുവനന്തപുരം :സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കോൺഗ്രസ് നേതാവ് എം. മുനീർ ഡിജിപിക്ക് നൽകിയ പരാതിക്ക് അന്വേഷണം ഉണ്ടാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.ഡിസിസി വൈസ് പ്രസിഡൻ്റായ മുനീർ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നതാണ് പൊലീസിന്റെ നിലപാട്. പരാതിക്കാരി സ്വയം പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.സ്വപ്ന സുരേഷ് വെളിപ്പെടുത്തലിൽ കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന് ആരോപിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവിന്റെ ആവശ്യം.
എന്നാൽ, യുവതികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കേസ് എടുത്തത് കടകംപള്ളി സുരേന്ദ്രനെതിരായ സാഹചര്യവുമായി താരതമ്യം ചെയ്യാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതികളിൽ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല.പ്രത്യേക അന്വേഷണ സംഘം രാഹുൽ മാങ്കൂട്ടത്തിൽ കേസുമായി മുന്നേറുന്നതിനിടയിലാണ് സിപിഎം നേതാവിനെതിരെ സമാനമായ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.