തിരുവനന്തപുരം: കേരളത്തിലെ സ്വർണവില വീണ്ടും റെക്കോർഡ് തിരുത്തി. പവന് 160 രൂപയുടെ വർധനവോടെ ചൊവ്വാഴ്ച സ്വർണവില 77,800 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 9,725 രൂപയായി.തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി 77,000 രൂപ ഭേദിച്ച സ്വർണ വില ഇനി 78,000 രൂപയിലെത്താൻ വെറും 200 രൂപ മാത്രം ബാക്കി.ആഗോള വിപണിയിലെ കുതിപ്പാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമായത്. സ്പോട്ട് ഗോൾഡ് ഔൺസിന് 3,508.50 ഡോളർ വരെ ഉയർന്നതോടെ ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 3,500 ഡോളർ റെക്കോർഡ് മറികടന്നു. എന്നാൽ പിന്നീട് വില കുറച്ച് 3,493 ഡോളറിലാണ് വ്യാപാരം.
യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയും ട്രംപിന്റെ തീരുവ നീക്കങ്ങളും സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നു. ഡോളറിന്റെ ഇടിവ് സ്വർണത്തിന് കൂടുതൽ പിന്തുണയായി.റെക്കോർഡ് വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ 90,000 രൂപയ്ക്ക് അടുത്ത് ചെലവാകും. 10 ശതമാനം പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടുമ്പോൾ ഒരു പവന് ആഭരണം വാങ്ങാൻ 88,190 രൂപ വരും. അഞ്ച് പവന്റെ ആഭരണത്തിന് ഇന്നത്തെ കണക്കിൽ 4,40,737 രൂപ ചെലവാകും.