തൃശ്ശൂർ:2023ലെ പോലീസിന്റെ അതിക്രൂര മുഖം തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ എസ്ഐ നുഹ്മാന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.2023 ഏപ്രിൽ 5നാണ് സംഭവം നടന്നത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ട സുജിത്ത് കാര്യം ചോദിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. സുജിത്തിനെ പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഷർട്ട് ഊരിമാറ്റിയ നിലയിൽ സ്റ്റേഷനിൽ എത്തിച്ച ശേഷം മൂന്നിലധികം പോലീസുകാർ ചേർന്ന് സുജിത്തിനെ വളഞ്ഞ് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സ്റ്റേഷനിൽ കുനിച്ചുനിർത്തി ശരീരത്തിലും മുഖത്തും അടിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. സുജിത്തിനെതിരെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വ്യാജ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ജയിലിലടക്കാനും പോലീസ് ശ്രമിച്ചു. എന്നാൽ, വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്റെ ചെവിയിൽ കേൾവി തകരാർ സംഭവിച്ചുവെന്ന് വ്യക്തമായി. പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് കോടതിയുടെ ഇടപെടലിലാണ് കേസ് എടുത്തത്. ഇപ്പോൾ വിചാരണ ഘട്ടത്തിലാണു കേസ്. വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.