ന്യൂഡല്‍ഹി: തന്റെ കെടിഎം ബൈക്കില്‍ ഒറ്റയ്ക്ക് ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു മുംബൈ സ്വദേശിയും ഇൻഫ്ളുവെൻസറുമായ യോഗേഷ് അലേക്കരി.കഴിഞ്ഞ മേയില്‍ തുടങ്ങിയ യാത്ര ദേശാന്തരങ്ങള്‍ കടന്ന്, യുകെയിലെത്തി. ഇതിനിടെ 17 രാജ്യങ്ങളിലായി 24,000 കിലോമീറ്റർ ബൈക്കില്‍ താണ്ടി. യുകെയിലെ നോട്ടിങ്ഹാമിലെത്തിയതോടെ പക്ഷേ, നിർഭാഗ്യകരമായ അനുഭവമുണ്ടായി. ഓഗസ്റ്റ് 28-ന് യോഗേഷിന്റെ ബൈക്ക് മേഷണംപോയി. അതില്‍ സൂക്ഷിച്ചിരുന്ന പണം, പാസ്പോർട്ട്, യാത്രാരേഖകള്‍ എല്ലാം നഷ്ടപ്പെട്ടു. ആഫ്രിക്കയായിരുന്നു അടുത്ത ലക്ഷ്യമെങ്കിലും ഇടയ്ക്കു വന്ന ഈ പ്രതിസന്ധി കാരണം അദ്ദേഹത്തിന്റെ യാത്ര വഴിമുട്ടിയിരിക്കുകയാണ്.
വിഷയത്തില്‍ ശശി തരൂർ എംപിയെ മെൻഷൻ ചെയ്തുകൊണ്ട് ‘സർ, ഈ വിഷയത്തില്‍ രണ്ട് വാക്ക് സംസാരിക്കൂ’ എന്ന് ഒരു സാമൂഹിക മാധ്യമ അക്കൗണ്ടില്‍നിന്ന് ആവശ്യമുയർന്നു. ‘അവർ ബ്രിട്ടീഷ് മ്യൂസിയത്തില്‍നിന്ന് പഠിക്കുകയാണെ’ന്നായിരുന്നു തരൂരിന്റെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അതിന് എക്സില്‍ മറുപടി നല്‍കുകയായിരുന്നു തരൂർ. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ ഇന്ത്യയില്‍ നടന്ന കൊള്ളകള്‍ക്കെതിരേ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് തരൂർ. അതിനാല്‍ത്തന്നെ തരൂരിന്റെ ഈ മറുപടിക്ക് വലിയ സ്വീകാര്യത ലഭിച്ചു. ലോകപര്യടനത്തിനിറങ്ങിയ ഒരിന്ത്യക്കാരന്റെ ബൈക്ക് ഇംഗ്ലണ്ടില്‍വെച്ച് മോഷണം പോയതിനെ ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശ കാലത്തുനടന്ന കൊള്ളകളോട് താരതമ്യംചെയ്യുകയായിരുന്നു തരൂർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യയില്‍ നടത്തിയ കൊള്ളകളെയും അതിക്രമങ്ങളെയുംകുറിച്ച് പല അന്താരാഷ്ട്ര വേദികളിലും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. അവയെല്ലാം അദ്ദേഹത്തിന് വലിയ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. 2015-ല്‍ ഓക്സ്ഫഡ് യൂണിയൻ സംവാദത്തിനിടെ തരൂർ ഇതേക്കുറിച്ച് നടത്തിയ പരാമർശം വൈറലായിരുന്നു. ‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴില്‍ സൂര്യൻ അസ്തമിക്കാതിരുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം ഇരുട്ടില്‍ ബ്രിട്ടീഷുകാരെ ദൈവത്തിനുപോലും വിശ്വാസമില്ല’ എന്നായിരുന്നു ആ പരാമർശം.
നോട്ടിങ്ഹാമില്‍നിന്ന് ഓക്സ്ഫഡിലേക്ക് പോകാൻ ഒരുങ്ങുമ്ബോഴാണ് യോഗേഷിന്റെ ബൈക്ക് നഷ്ടപ്പെട്ടത്. സുരക്ഷ പരിഗണിച്ച് കുട്ടികള്‍ കളിക്കുന്ന ഒരിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. റോഡുകടന്ന് പ്രാതല്‍ കഴിച്ച് വന്നപ്പോഴേക്ക് ബൈക്ക് കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. യാത്ര പുനരാരംഭിക്കണമെങ്കിലോ നാട്ടിലേക്ക് മടങ്ങണമെങ്കിലോ പാസ്പോർട്ടും പണവും കിട്ടണം. ബൈക്ക് ഉള്‍പ്പെടെ ലഭിക്കുന്നതിനായി ഫോളോവേഴ്സിനോട് സഹായമഭ്യർഥിക്കുകയാണ് യോഗേഷ് അലേക്കരി.