പത്തനംതിട്ട:പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുത്തു. ഹൈസ്കൂൾ ജംക്ഷന് സമീപം താമസിക്കുന്ന രഘുനാഥ് (55)യും ഭാര്യ സുധ (50)യും ആണ് മരിച്ചത്. കുടുംബ കലഹമാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക വിവരം.തിരുവോണദിനം രാവിലെ 10 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏക മകൻ പഠനവുമായി ബന്ധപ്പെട്ട് എറണാകുളത്താണ് താമസം. ഇന്നലെ രാത്രി മുതൽ മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചു.
തുടർന്ന് നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.സുധയെ വീടിന്റെ പിൻവശത്ത് കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കിടക്കുന്ന നിലയിലും രഘുനാഥിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. വിവരം ലഭിച്ച കീഴ്വായ്പൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.