ബീജിംഗ്: പതിറ്റാണ്ടുകളായി തങ്ങളുടെ ‘ഇരുമ്പ് സൗഹൃദം’ എന്ന് വിശേഷിപ്പിച്ചിരുന്ന ചൈന പോലും ഇനി കൈവിടുന്ന അവസ്ഥയിലാണ് പാകിസ്ഥാൻ. സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞ രാജ്യത്തിന് ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ധനസഹായം തേടിയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബീജിംഗിലെത്തിയത്. എന്നാൽ, ഒരു പൈസ പോലും ലഭിക്കാതെ ‘നാണംകെട്ട്’ മടങ്ങേണ്ടി വന്നു.ആറ് ദിവസത്തെ സന്ദർശനത്തിൽ കുറച്ച് ധാരണാപത്രങ്ങളിൽ (Mous) ഒപ്പിട്ടെങ്കിലും,
പുതിയ പ്രോജക്റ്റുകൾക്കുള്ള ഫണ്ടിങ് ഒന്നും കിട്ടിയില്ല. മറിച്ച് നിലവിലുള്ള നിക്ഷേപങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും പുതിയ പദ്ധതികൾക്കായി ബിസിനസ്-ടു-ബിസിനസ് (B2B) മാതൃകയെ ആശ്രയിക്കണമെന്നുമായിരുന്നു ചൈനയുടെ മറുപടി.ചൈനീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ തന്നെ, ഏകപക്ഷീയമായി CPEC 2.0-ന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രഖ്യാപിക്കാൻ ഷെരീഫ് നിർബന്ധിതനായി. ഇതുവരെ ചൈന ഇതിനൊന്നും പ്രതികരിക്കാത്തത്, പാകിസ്ഥാന്റെ ആശങ്ക കൂട്ടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുരക്ഷാ ഭീഷണികളും അഴിമതിയും – ചൈനയുടെ പിന്മാറ്റത്തിന് പിന്നിൽ
ബലൂചിസ്ഥാനിലെ ഭീകരാക്രമണങ്ങൾ ഉൾപ്പെടെ, ചൈനീസ് നിക്ഷേപങ്ങളെ ലക്ഷ്യമിട്ടുള്ള നിരന്തര ഭീഷണികളാണ് ബീജിംഗിന്റെ പ്രധാന ആശങ്ക. നിരവധി ചൈനീസ് എഞ്ചിനീയർമാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതോടെ, സുരക്ഷ ഉറപ്പാക്കാനാകുമോ എന്ന കാര്യത്തിൽ പാകിസ്ഥാനെക്കുറിച്ച് ചൈനക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.അതോടൊപ്പം, ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയും റെഡ് ടേപ്പ് കാലതാമസവും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വലിയ തടസ്സമാണ്. ഷെരീഫ് നിരവധി വാഗ്ദാനങ്ങൾ നൽകിയെങ്കിലും, വെറും വാക്കുകൾക്ക് പുതിയ നിക്ഷേപങ്ങളെ ആകർഷിക്കാൻ കഴിഞ്ഞില്ല.
ഇന്ത്യയുടെ ഉയർച്ചയും പുതിയ ലോകക്രമവും
ചൈനയുടെ സമീപനമാറ്റത്തിന് പിന്നിലെ മറ്റൊരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയുടെ അതിവേഗ വളർച്ചയും അന്താരാഷ്ട്ര രംഗത്തെ സ്വാധീനവും ആണ്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി, അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂണിയൻ തുടങ്ങി ശക്തികളുമായി അടുത്ത ബന്ധങ്ങൾ സ്ഥാപിച്ചതോടെ, ഇന്ത്യയുടെ ആഗോള പ്രാധാന്യം വർധിച്ചു.പുതിയ ലോകക്രമത്തിൽ, ഇന്ത്യയെ സ്ഥിരമായി ‘ശത്രുരാജ്യമായി’ കണ്ടുകൊണ്ടിരിക്കാനുള്ള സമീപനം ചൈനയ്ക്ക് ഇനി ഗുണകരമല്ലെന്ന് ബീജിംഗ് തിരിച്ചറിഞ്ഞിരിക്കുകയാണ്. അതുകൊണ്ട്, പാകിസ്ഥാനെ പൂർണ്ണ പിന്തുണ നൽകി ഇന്ത്യയെ അകറ്റുന്നതിനുപകരം, ഇന്ത്യയുമായി വ്യാപാരവും നയതന്ത്രബന്ധങ്ങളും ശക്തിപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്.