എറണാകുളം:പല്ലുതേപ്പിൻ്റെ ഒഴിഞ്ഞ കവറിൽ എംഡിഎംഎ ഒളിപ്പിച്ച് വിൽക്കാൻ ശ്രമിച്ച യുവ ഡോക്ടർ സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിൽ. എറണാകുളം ലിസ്സി ഹോസ്പിറ്റലിന് സമീപം ആർകേഡ് അപ്പാർട്ട്മെന്റിന് മുന്നിലാണ് സംഭവം. ചാരനിറം ടി-ഷർട്ടും നീല ജീൻസും കണ്ണടയും മഞ്ഞ തൊപ്പിയും ധരിച്ച ഒരാൾ ലഹരി വിൽക്കുന്നുവെന്ന രഹസ്യവിവരമാണ് സിറ്റി ഡാൻസാഫ് ടീമിലെ എസ്ഐ എ. വിനോജിന് ലഭിച്ചത്.അതിനുശേഷം അരമണിക്കൂറിനകം സ്ഥലത്തെത്തിയ സംഘം, നൽകിയ വിവരങ്ങൾ പ്രകാരം പൊരുത്തപ്പെട്ട യുവാവിനെ കണ്ടെത്തി. പരിശോധനയ്ക്കിടെയാണ് ഇയാളെ തിരിച്ചറിഞ്ഞത് .’സാറേ ഡോക്ടറാണ്’നോർത്ത് പറവൂർ ആണ് വീട്,പേര് അംജാദ് അഹ്സൻ മജീദ്’ എന്ന് പ്രതി പറഞ്ഞു.
സംശയം തോന്നിയ സംഘം മജീദിന്റെ നീല ജീൻസിന്റെ പോക്കറ്റുകളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും, സെല്ലോടെപ്പ് ഒട്ടിച്ച നിലയിൽ രണ്ട് സിറിഞ്ചുകളും, കോൾഗേറ്റ് പേസ്റ്റിൻ്റെ ഒഴിഞ്ഞ കവറും കണ്ടെത്തി. പേസ്റ്റ് കവറിനുള്ളിൽ ഇൻസുലേഷൻ ടേപ്പും, പ്ലാസ്റ്റിക് കവറും, ഒടുവിൽ സിപ്പ് ലോക്ക് കവറിൽ വെളുത്ത ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയും സംഘം പിടികൂടി.ചോദ്യം ചെയ്യലിൽ പിടിയിലായ യുവാവ് മയക്കുമരുന്ന് എംഡിഎംഎ ആണെന്ന് സമ്മതിച്ചു. ഡാൻസാഫ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.