തിരുവനന്തപുരം :സംസ്ഥാനത്തെ പൊലീസ് മർദനങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. “പോലീസ് മർദനം നോക്കി നിൽക്കില്ല. വേണ്ടിവന്നാൽ അടിച്ച് കാലൊടിക്കും. യൂണിഫോമിട്ട് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാക്കും” എന്ന് മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് വരെ പ്രതിഷേധം തുടരുമെന്നും, അത് നടക്കാത്ത പക്ഷം യുഡിഎഫ് അധികാരത്തിൽ വന്നാൽ തന്നെ ഇവരെ പുറത്താക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. “അതുവരെ വരുന്ന എട്ട് മാസം കോൺഗ്രസ് വെറുതേയിരിക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനങ്ങൾക്ക് ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ കയറാൻ പോലും ഭയമാണെന്ന് ഷാഫി പറമ്പിൽ എം.പി ആരോപിച്ചു.
“കാക്കിയിട്ട് നടക്കുന്നവരെ കണ്ടാൽ തന്നെ ഭയം തോന്നുന്നു. ഇവർക്ക് ക്രിമിനൽ മനോഭാവമാണ്. ആഭ്യമന്ത്രി കൂടിയായ മുഖ്യമന്ത്രി ഒരക്ഷരം പോലും പറയുന്നില്ല. ഇപ്പോഴുള്ള നടപടികൾ കണ്ണിൽ പൊടിയിടാനാണ്” എന്ന് ഷാഫി പറമ്പിൽ വിമർശിച്ചു.പോലീസിനെ പിരിച്ചുവിട്ട് സിപിഎം പോഷക സംഘടനയാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് വെറുതേയിരിക്കില്ലെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.