പഞ്ചാബ്:ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് തൂങ്ങി നിലവിളിച്ച് ധീരത കാണിച്ച യുവതിയുടെ പ്രതിരോധം മൂലം കൊള്ളശ്രമം പരാജയപ്പെട്ടു. സെപ്റ്റംബർ 9-ന് ജലന്ധർ ബൈപാസിന് സമീപമാണ് സംഭവം.ഫില്ലൗറിൽ നിന്നു നവൻഷഹറിലേക്ക് പോകാനായി ജലന്ധർ ബൈപാസിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയ മീന കുമാർ എന്ന യുവതിയെയാണ് ആക്രമിച്ചത്. ഡ്രൈവറെ കൂടാതെ രണ്ടുപേർ കൂടി യാത്രക്കാരെന്ന വ്യാജേന ഓട്ടോയിൽ കയറുകയായിരുന്നു. കുറച്ചു ദൂരം പോയ ശേഷം മൂവരും ചേർന്ന് യുവതിയെ ആക്രമിക്കാൻ തുടങ്ങി.
ആക്രമണത്തിനിടെ ഷാൾ ഉപയോഗിച്ച് യുവതിയുടെ കൈകൾ കെട്ടി ആഭരണങ്ങളും പണവും കവർച്ച ചെയ്യാൻ ശ്രമിച്ചു. ആയുധം കാട്ടിയും ഭീഷണിപ്പെടുത്തിയെങ്കിലും യുവതി ഉറക്കെ നിലവിളിച്ചു. സഹായത്തിനായി നിലവിളിക്കുന്നതിനൊപ്പം ഓട്ടോറിക്ഷയുടെ പുറത്തേക്ക് തൂങ്ങി മറ്റുയാത്രക്കാരുടെ ശ്രദ്ധ നേടുകയായിരുന്നു.യുവതിയുടെ നിലവിളി കേട്ട് സമീപം വന്ന വാഹനയാത്രികർ ഏകദേശം അര കിലോമീറ്റർ പിന്തുടർന്ന് ഓട്ടോ തടഞ്ഞ് യുവതിയെ രക്ഷപ്പെടുത്തി. ഇതോടെ ഒരു പ്രതി രക്ഷപ്പെടാൻ കഴിഞ്ഞപ്പോൾ, മറ്റുള്ള രണ്ട് പേരെയും സ്ഥലത്തുവച്ചുതന്നെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടങ്ങി.